മണ്ണിപ്പുരിലേക്ക് സുപ്രീം കോടതി ജഡ്ജിമാർ; ആറംഗ സംഘം കലാപബാധിത മേഖല സന്ദർശിക്കും

Mail This Article
ന്യൂഡൽഹി ∙ മണിപ്പുരിലെ കലാപ ബാധിത മേഖലയിലേക്ക് സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർ. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരുടെ സംഘമാണ് മണിപ്പുർ സന്ദർശിക്കുന്നത്. വരുന്ന ശനിയാഴ്ചയാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, എം.എം. സുന്ദരേഷ്, എൻ.കെ. സിങ് എന്നിവരാണ് മണിപ്പുർ സന്ദർശിക്കുന്ന മറ്റ് ജഡ്ജിമാർ. കലാപബാധിതർക്ക് നിയമസഹായവും മാനുഷിക സഹായവും ലഭ്യമാക്കുന്നതിനെ കുറിച്ചുള്ള ചർച്ച സംഘം നടത്തും.
സംഘത്തിലുള്ള ജസ്റ്റിസ് എൻ.കെ. സിങ് മണിപ്പുർ സ്വദേശിയാണ്. മണിപ്പുർ ഹൈക്കോടതിയിലെ ജഡ്ജിയും, സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലുമായിരുന്നു അദ്ദേഹം. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് വിവിധ കേസുകൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. നേരത്തെ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് വനിതാ ജഡ്ജിമാർ അടങ്ങുന്ന സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയിരുന്നു. ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീത മിത്തലിന്റെ നേതൃത്ത്വത്തിലുള്ള സമിതിയിൽ ജസ്റ്റിസ് ശാലിനി ജോഷി, ജസ്റ്റിസ് ആശാ മേനോൻ എന്നിവരായിരുന്നു അംഗങ്ങൾ.