125 രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്ത്യയിൽ, നേതൃത്വം മോദി; എന്താണ് റെയ്സിന ഡയലോഗ്?

Mail This Article
ന്യൂഡൽഹി ∙ രാജ്യാന്തര ബന്ധങ്ങളെ സങ്കീര്‍ണമാക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയതന്ത്രങ്ങള്‍ക്കിടെയാണ് ന്യൂഡൽഹിയിൽ ഈ വർഷത്തെ റെയ്സിന ഡയലോഗ് നടക്കുന്നത്. യുഎസ്– യുക്രെയ്ന്‍ പ്രതിനിധികള്‍ മുഖാമുഖമെത്തുന്ന രാജ്യാന്തര വേദി കൂടിയാണ് റെയ്സിന ഡയലോഗ്. ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയാണ് ഈ സമ്മേളനത്തിന്റെ പത്താം പതിപ്പിലെ മുഖ്യാതിഥി.
∙ എന്താണ് റെയ്സിന ഡയലോഗ്?
ഭൗമരാഷ്ട്രീയവും സാമ്പത്തികശാസ്ത്രവും വിഷയമാക്കി ഇന്ത്യ ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനമാണ് റെയ്‌സിന ഡയലോഗ്. 2016 ലായിരുന്നു ആദ്യ സമ്മേളനം. ഇത്തവണ മാർച്ച് 17 മുതൽ 19 വരെയാണ് സമ്മേളനം. 2016 മാർച്ച് 1 മുതൽ 3 വരെയായിരുന്നു ആദ്യത്തെ റെയ്‌സിന ഡയലോഗ് നടന്നത്. 2025 ലെ പ്രമേയം ‘കാലചക്ര: പീപ്പിൾ, പീസ് ആൻഡ് പ്ലാനറ്റ്’ എന്നതാണ്. ലോകം ഏറെ ശ്രദ്ധയോടെയാണ് സമ്മേളനത്തിന്റെ പത്താം പതിപ്പിനെ വീക്ഷിക്കുന്നത്. 125 രാജ്യങ്ങളിൽ നിന്നുള്ള ഉന്നത ഭരണാധികാരികൾ അടക്കം 3500 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് രാജ്യാന്തര പ്രതിനിധികൾ ഡല്‍ഹിയില്‍ ഒത്തുകൂടുന്നത് എന്നതും ശ്രദ്ധേയമാണ്.
വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനാണ് റെയ്സിന ഡയലോഗ് സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും രാഷ്ട്രീയം, ബിസിനസ്, മാധ്യമം, സിവിൽ സമൂഹം എന്നീ മേഖലകളിലെ പ്രമുഖർ ന്യൂഡൽഹിയിൽ ഒത്തുകൂടി ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്നു. സമകാലിക വിഷയങ്ങളിൽ സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ഈ ഒത്തുകൂടൽ ഉപയോഗപ്പെടുത്തുന്നു. രാഷ്ട്രത്തലവന്മാർ, കാബിനറ്റ് മന്ത്രിമാർ, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർ എന്നിവരാണ് റെയ്സിന ഡയലോഗിൽ പങ്കെടുക്കുന്ന പ്രമുഖ വിഭാഗം. സ്വകാര്യ മേഖല, മാധ്യമങ്ങൾ, അക്കാദമിക് മേഖല എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കുന്നു.
∙ പാക്കിസ്ഥാനും ബംഗ്ലദേശും പുറത്ത്
പാക്കിസ്ഥാനും ബംഗ്ലദേശും ഒഴികെയുള്ള, ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പ്രതിനിധികളും റെയ്‌സിന ഡയലോഗിൽ പങ്കെടുക്കുന്നു. യുഎസ്, റഷ്യ, ചൈന, സ്ലോവാനിയ, ലക്‌സംബർഗ്, ലിച്ചെൻസ്റ്റീൻ, ലാത്വിയ, മോൾഡോവ, ജോർജിയ, സ്വീഡൻ, സ്ലോവാക് റിപ്പബ്ലിക്, ഭൂട്ടാൻ, മാലിദ്വീപ്, നോർവേ, തായ്‌ലൻഡ്, ആന്റിഗ്വ, ബാർബുഡ, പെറു, ഘാന, ഹംഗറി, മൗറീഷ്യസ് തുടങ്ങി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ക്യൂബൻ ഉപപ്രധാനമന്ത്രി മാർട്ടിനെസ് ഡയസ്, ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി എൻറിക് എ മനാലോ എന്നിവരാണ് പങ്കെടുക്കുന്ന പ്രമുഖരിൽ ചിലർ.