താമരശ്ശേരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു, യുവതിയുടെ മാതാപിതാക്കൾക്കും വെട്ടേറ്റു; പ്രതി പിടിയിൽ

Mail This Article
താമരശ്ശേരി ∙ ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. മറ്റ് രണ്ട് പേർക്ക് വെട്ടേറ്റു. കോഴിക്കാട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാനും ഭാര്യ ഹസീനയ്ക്കുമാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പൊലീസ് പിടികൂടി. ലഹരി ഉപയോഗിച്ച ശേഷമാണ് യാസിർ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മൂന്നു വയസുകാരിയായ മകളുടെ മുന്നിൽവച്ചാണ് ഷിബിലയെ കൊലപ്പെടുത്തിയത്.
വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. കുടുംബ വഴക്കിനെത്തുടർന്ന് ഷിബില ഒരാഴ്ചയായി സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. ഇവിടെയെത്തിയാണ് യാസിർ ഷിബിലയെ വെട്ടിക്കൊന്നത്. തടയാൻ ശ്രമിച്ചപ്പോഴാണ് അബ്ദുറഹ്മാനും ഹസീനയ്ക്കും വെട്ടേറ്റത്. അബ്ദുറ്ഹമാന്റെ നില ഗുരുതരമാണെന്നാണ് വിവരം.
ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണ് യാസിർ എന്നാണ് നാട്ടുകാർ പറയുന്നത്. യാസിർ ഷിബിലയെ നിരന്തരം ഉപദ്രവിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കഴിഞ്ഞ ആഴ്ച ലഹരി ഉപയോഗിച്ച് ബേധം നഷ്ടപ്പെട്ട യാസിർ ഷിബിലയുടെയും കുട്ടിയുടെയും വസ്ത്രങ്ങൾ ഉൾപ്പെടെ കത്തിച്ചുവെന്നും നാട്ടുകാർ പറഞ്ഞു.