രാജ്യത്തെ സമ്പന്നനായ എംഎൽഎയുടെ ആസ്തി 3,400 കോടി, ‘പാവപ്പെട്ട’ എംഎൽഎയ്ക്ക് 1700 രൂപ; കേരളത്തിലെ സമ്പന്നൻ ‘മുൻ എംഎൽഎ’

Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ സമ്പന്ന എംഎൽഎമാരിൽ ഭൂരിഭാഗവും ബിജെപിക്കാർ. മുംബൈയിലെ ഘട്‌കോപ്പർ ഈസ്റ്റ് എംഎല്‍എയും ബിജെപി നേതാവുമായ പരാഗ് ഷാ ആണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎ. ഇദ്ദേഹത്തിന് 3,400 കോടി രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1700 രൂപ മാത്രം വരുമാനമുള്ള ബംഗാളിൽ നിന്നുള്ള ബിജെപി എംഎൽഎയായ നിർമൽ കുമാർ ധാരയാണ് ഏറ്റവും ‘പാവപ്പെട്ട’ നിയമസഭാംഗം. നിയമസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനായി എംഎൽഎമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 28 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലെയുമായി 4092 എംഎൽഎമാർ സമർപ്പിച്ച് സത്യവാങ്മൂലമാണ് എഡിആർ പഠനവിധേയമാക്കിയത്. 24 പേരുടെ സത്യവാങ്മൂലം വായിക്കാൻ കഴിയാത്തതിനാൽ ഒഴിവാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
സമ്പന്നരായ നിയമസഭാംങ്ങളുടെ പട്ടികയിലെ പരാഗ് ഷായ്ക്ക് തൊട്ടുപുറകിൽ കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാര്‍ ആണ്. 1413 കോടിയാണ് കനകപുര മണ്ഡലത്തിലെ എംഎൽഎ കൂടിയായ ശിവകുമാറിന്റെ ആസ്തി. കർണാടകയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ കെ.എച്ച്.പുട്ടസ്വാമി.ഗൗഡ (1267 കോടി), കർണാടകയിലെ കോൺഗ്രസ് എംഎൽഎ പ്രിയാകൃഷ്ണ (1156 കോടി) എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ളത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു.നായിഡു (931 കോടി), മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ.റെഡ്ഡി ((757 കോടി), ആന്ധ്രയിലെ ടിഡിപി എംഎൽഎ പി.നാരായണ (824 കോടി), ആന്ധ്രയിലെ ടിഡിപി എംഎൽഎ പി.പ്രശാന്തി റെഡ്ഡി (716 കോടി) എന്നിവരാണ് സമ്പന്നരായ എംഎൽഎമാരുടെ പട്ടികയിലെ മുൻനിരക്കാർ.
നിലമ്പൂർ മുൻ എംഎൽഎയായ പി.വി.അൻവറാണ് കേരളത്തിലെ ഏറ്റവും സമ്പന്നനായ എംഎൽഎ. അൻവർ രാജിവയ്ക്കുന്നതിനു മുൻപ് തയാറാക്കിയതാണ് പട്ടിക. പട്ടികയിൽ 208–ാം സ്ഥാനത്തുള്ള അൻവറിന്റെ ആസ്തി, 64.14 കോടി രൂപയാണ്. നിലവിലെ എംഎൽഎമാരിൽ പാലാ എംഎൽഎ മാണി സി.കാപ്പനാണ് ഏറ്റവും സമ്പന്നൻ. 27.93 കോടിയാണ് കാപ്പന്റെ ആസ്തി. 14 കോടി ആസ്തിയുള്ള കൊല്ലം എംഎൽഎ മുകേഷാണ് സമ്പന്നരിൽ കേരളത്തിൽനിന്നു മൂന്നാം സ്ഥാനത്ത്.
എറ്റവും കൂടുതൽ കോടീശ്വരന്മാരായ എംഎൽഎമാരുള്ളത് കർണാടകയിലാണ്. 31 കോടീശ്വരന്മാരായ എംഎൽഎമാരുള്ള കർണാടകയിലെ മുഴുവൻ എംഎൽഎ (223) മാരുടെ ആസ്തി 14,179 കോടിയാണ്. 27 കോടീശ്വരന്മാരായ എംഎൽഎമാരുമായി ആന്ധ്രാപ്രദേശാണ് കർണാടകയ്ക്ക് പിന്നിലുള്ളത്. ആന്ധ്രാപ്രദേശിലെ മുഴുവൻ എംഎൽഎ (174) മാരുടെ ആസ്തി 11,323 കോടി രൂപയാണ്. മഹാരാഷ്ട്രയിലെ 286 എംഎൽഎമാരുടെ ആസ്തി 12,424 കോടി രൂപയാണ്. കോടീശ്വരനായ ഒരു എംഎൽഎ പോലുമില്ലാത്ത ത്രിപുരയാണ് എംഎൽഎമാരുടെ ആസ്തിയിൽ ഏറ്റവും പുറകിൽ. 60 എംഎൽഎമാരുടെ ആസ്തി 90 കോടി രൂപയാണ്.
ബിജെപി എംഎൽഎമാർ തന്നെയാണ് സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ. 1653 ബിജെപി എംഎൽഎമാരുടെ ആസ്തി 26,270 കോടിയാണ്. സിക്കിം, നാഗാലാൻഡ്, മേഘാലയ എന്നീ മൂന്നു സംസ്ഥാനങ്ങളുടെ വാർഷിക വരുമാനത്തെക്കാൾ വലിയ സംഖ്യയാണിത്. കോൺഗ്രസ് എംഎൽഎമാരാണ് രണ്ടാം സ്ഥാനത്തുള്ളത്. 676 കോൺഗ്രസ് എംഎൽഎമാരുടെ ആസ്തി 17,357 കോടി രൂപയാണ്. ടിഡിപിയുടെ 134 എംഎൽഎമാരുടെ ആസ്തി 9,108 കോടിയാണ്. ശിവസേന, ആംആദ്മി പാർട്ടി എന്നിവയാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.