വയനാട് പുനരധിവാസം: ടൗണ്‍ഷിപ്പിന് ഏറ്റെടുക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമിക്ക് 26.56 കോടി നഷ്ടപരിഹാരം

Mail This Article
തിരുവനന്തപുരം∙ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിനായി 26,56,10,769 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 7 കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട 14 കുട്ടികള്‍ക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും. 18 വയസ്സുവരെ തുക പിന്‍വലിക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. തുക ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷാകര്‍ത്താവിന് ഓരോ മാസവും നല്‍കുന്നതിന് വയനാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ തസ്തികള്‍
വയനാട് ടൗണ്‍ഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിര്‍വ്വഹണ യൂണിറ്റില്‍ വിവിധ തസ്തികള്‍ അനുവദിച്ചു. അക്കൗണ്ട്‌സ് ഓഫിസര്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കും. ഫിനാന്‍സ് ആൻഡ് അക്കൗണ്ട്‌സ് ഓഫിസര്‍ എന്ന തസ്തിക ഫിനാന്‍സ് ഓഫിസര്‍ എന്ന് പുനര്‍നാമകരണം ചെയ്യും. സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ട് സ്‌പെഷല്‍ ഓഫിസര്‍ക്ക് അനുമതി നല്‍കും. പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ തലവനായി വയനാട് ടൗണ്‍ഷിപ്പ് പ്രൊജക്ട് സ്‌പെഷല്‍ ഓഫിസറെ ചുമതലപ്പെടുത്തും.
പീച്ചി ഡാം അപകടം; മരണമടഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായം
തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ ജനുവരി 12ന് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കും. രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. അലീന, ഐറിന്‍, ആന്‍ഗ്രേസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ നിമയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിക്കും.