മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് തിങ്കളാഴ്ച ചെറിയ പെരുന്നാൾ

Mail This Article
കോഴിക്കോട്∙ മാനത്ത് ശവ്വാൽ നിലാവ് തെളിഞ്ഞതോടെ റമസാൻ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയുെട പുണ്യവുമായി തിങ്കളാഴ്ച ഇസ്‌ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും. ഞായാറാഴ്ച വൈകിട്ട് പൊന്നാനിയിൽ ശവ്വാൽ അമ്പിളിക്കല തെളിഞ്ഞു.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ഈദുൽ ഫിത്ർ ആഘോഷിച്ചു. ഒമാനിൽ തിങ്കളാഴ്ചയാണ് ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗൾഫിലെങ്ങും നടന്നത്.
തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാൽ വിശ്വാസികൾ നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികൾ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകൾക്ക് വിട പറഞ്ഞുകൊണ്ട് ഈദുൽ ഫിത്ർ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹ് നടക്കും.
∙ ‘മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോർക്കലുകളിലൂടെ ചെറുക്കാം’
സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ. വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം.
വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോർക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്. ഈ ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.