നട്ടെല്ലിനു ക്ഷതം, മുതലും പലിശയും അടക്കം 6 ലക്ഷം ബാധ്യത; ജപ്തി നീട്ടിവയ്ക്കാൻ ബാങ്ക് തയാറായില്ല, ആത്മഹത്യ

Mail This Article
അമ്പലപ്പുഴ∙ ബാങ്ക് ജപ്‌തി ചെയ്ത വീടിനു പിന്നിൽ വീട്ടുടമയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. പുന്നപ്ര പറവൂർ വട്ടത്തറയിൽ അനിലന്റെയും ഉഷയുടെയും മകൻ പ്രഭുലാലിനെ (38) ആണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭുലാൽ കെട്ടിട നിർമാണത്തൊഴിലാളി ആയിരുന്നു.
വീട് നിർമാണത്തിനായാണ് കേരള ബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 3 ലക്ഷം രൂപ വായ്പ എടുത്തത്. ജോലിയ്ക്കിടെ പ്രഭുലാൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു നട്ടെല്ലിനു ക്ഷതമേറ്റ് ചികിത്സയിലായതോടെ 3 വർഷമായി വായ്പ തിരിച്ചടവ് മുടങ്ങി. മുതലും പലിശയുമടക്കം ബാധ്യത 6 ലക്ഷം രൂപയ്ക്കു മുകളിലായി. മാർച്ച് 24ന് ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്തു. ഒരാഴ്ചയായി അനിലനും ഉഷയും പ്രഭുലാലും ബന്ധുവീട്ടിലായിരുന്നു താമസം.
ജപ്തി നടപടി നീട്ടിവയ്ക്കണമെന്ന് പ്രഭുലാൽ ബാങ്ക് ശാഖയിൽ എത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രഭുലാലിന്റെ മരണവിവരം അറിഞ്ഞശേഷം, സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി പൂട്ട് പൊളിച്ച് മാതാപിതാക്കളെയും ബന്ധുക്കളെയും വീടിനുള്ളിൽ കയറ്റി. പൊലീസിൽ പരാതി നൽകുമെന്ന് പ്രഭുലാലിന്റെ പിതാവ് അനിലൻ പറഞ്ഞു. പുന്നപ്ര വയലാർ സമരസേനാനി വട്ടത്തറ ഗംഗാധരന്റെ ചെറുമകനാണ് പ്രഭുലാൽ. പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും.