കുനാൽ കമ്ര തമിഴ്നാട്ടിലെ വീട്ടിൽ; മൂന്നാമതും സമൻസ് അയച്ച് മുംബൈ പൊലീസ്

Mail This Article
മുംബൈ ∙ ഹാസ്യ പരിപാടിക്കിടെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അധിക്ഷേപിച്ച് പാരഡി ഗാനം അവതരിപ്പിച്ച കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മുംബൈ പൊലീസ് മൂന്നാമത്തെ സമൻസ് അയച്ചു. 5ന് ഹാജരാകാനാണ് നിർദേശം. നേരത്തേ രണ്ടു വട്ടം സമൻസ് നൽകിയിട്ടും പ്രതികരിക്കാതിരുന്ന കമ്ര മദ്രാസ് ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. തമിഴ്നാട്ടിലെ വീട്ടിലാണ് ഇപ്പോൾ കമ്രയുള്ളത്. 7 വരെ അറസ്റ്റിൽനിന്ന് സംരക്ഷണമുണ്ട്.
ഹാസ്യപരിപാടിയിൽ പങ്കെടുത്ത നവിമുംബൈ സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന് സാക്ഷിയാകാൻ ആവശ്യപ്പെട്ട് മുംബൈ പൊലീസ് സമൻസ് അയച്ചു. സമൻസ് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥന് അവധിയാത്ര വെട്ടിച്ചുരുക്കേണ്ടിവന്നതിൽ ഖേദം അറിയിച്ച കമ്ര, രാജ്യത്ത് എവിടെയും വിനോദയാത്രയ്ക്ക് അവസരം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കമ്രയുടെ ഹാസ്യപരിപാടി നടന്ന ഖാർ റോഡിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ ശിവസേനാ പ്രവർത്തകർ തകർത്തിരുന്നു. അനധികൃത നിർമാണം ആരോപിച്ച് മുംബൈ കോർപറേഷനും ശേഷിച്ച ഭാഗങ്ങൾ ഇടിച്ചുനിരത്തി. ഷിൻഡെ വിഭാഗം എംഎൽഎയാണ് ഉപമുഖ്യമന്ത്രിയെ അപമാനിച്ചതിന് പൊലീസിൽ പരാതി നൽകിയത്. പിന്നീട്, നാസിക്, ജൽഗാവ് ജില്ലകളിലായി മൂന്നു കേസുകളും റജിസ്റ്റർ ചെയ്തു. എല്ലാ കേസുകളും ഒരുമിച്ച് ഖാർ റോഡ് പൊലീസാണ് ഇപ്പോൾ പരിഗണിക്കുന്നത്.