പ്രതിഷേധിക്കാൻ ബിജെപിക്കൊപ്പം ജെഡിഎസ് ഇല്ല; കർണാടകയിൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ?

Mail This Article
ബെംഗളൂരു ∙ മുസ്‌ലിം പ്രീണനം, വിലക്കയറ്റം എന്നിവ ആരോപിച്ച് ബിജെപി നടത്തുന്ന പ്രതിഷേധങ്ങളിൽനിന്ന് ജനതാദളിനെ (എസ്) അകറ്റി നിർത്തിയതോടെ, പ്രതിപക്ഷസഖ്യത്തിലെ വിള്ളൽ കൂടുതൽ വ്യക്തമായി. പ്രതിഷേധത്തെക്കുറിച്ച് ജെഡിഎസുമായി ചർച്ചചെയ്യാൻ ബിജെപി തയാറായില്ലെന്നു നിയമസഭാകക്ഷി നേതാവ് സി.ബി.സുരേഷ് ബാബു തുറന്നടിച്ചു. സഭയ്ക്കകത്തും പുറത്തും ദളിനെ വിശ്വാസത്തിലെടുത്ത് ഒപ്പം നിർത്താൻ തയാറാകണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയോട് അദ്ദേഹം അഭ്യർഥിച്ചു. ഇതോടെ സഖ്യത്തിലെ കല്ലുകടി വീണ്ടും ചർച്ചയായി.
മൈസൂരു ഭൂമി കൈമാറ്റക്കേസിൽ സിദ്ധരാമയ്യയ്ക്കെതിരെ ബിജെപി പദയാത്ര സംഘടിപ്പിച്ചതിനെ വിമർശിച്ച് കേന്ദ്രമന്ത്രി കുമാരസ്വാമി ആദ്യം രംഗത്തെത്തിയിരുന്നു. തുടർന്ന് വിഷയം ചർച്ചയായതോടെയാണ് ദൾ അയഞ്ഞത്. ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മകൻ നിഖിൽ ഗൗഡയെ സ്ഥാനാർഥിയാക്കാൻ കുമാരസ്വാമി വാശി പിടിച്ചതും സഖ്യത്തിനു പരാജയമാണ് നൽകിയത്.
പിന്നീട്, പൊതുകരാറുകളിൽ മുസ്‌ലിം വിഭാഗങ്ങൾക്ക് 4% സംവരണം ഉറപ്പാക്കുന്ന ഭേദഗതി ബില്ലിനെതിരെയുള്ള ബിജെപി പ്രതിഷേധങ്ങളിൽ പങ്കുചേരേണ്ടതില്ലെന്ന് ദൾ നിലപാടെടുത്തു. ന്യൂനപക്ഷ ക്ഷേമത്തിനായി നിലകൊള്ളുമെന്ന നിലപാടിൽനിന്നു ദൾ പിന്നാക്കം പോകേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഗ്രേറ്റർ ബെംഗളൂരു ബില്ലിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളിലും ഇരുകക്ഷികൾക്കുമിടയിലെ ഏകോപന വീഴ്ച പ്രകടമായിരുന്നു. കുമാരസ്വാമിക്കെതിരെ ഉയർന്ന രാമനഗര കേത്തഗാനഹള്ളിയിലെ 14 ഏക്കർ ഭൂമി കയ്യേറ്റക്കേസിൽ, ബിജെപി നേതൃത്വം വേണ്ടത്ര പിന്തുണ നൽകിയുമില്ല.
ദളിലെ ഒരു വിഭാഗം എംഎൽഎമാർ കോൺഗ്രസുമായി അടുപ്പം സൂക്ഷിക്കുന്നുണ്ട്, ഇതിനാൽ, കുമാരസ്വാമിക്കു പാർട്ടിക്കു മേലുള്ള ആധിപത്യം നഷ്ടപ്പെടുന്നതായാണ് വിലയിരുത്തൽ. മകൻ നിഖിൽ ഗൗഡയെ സംസ്ഥാന പ്രസിഡന്റാക്കാനുള്ള നീക്കം ലക്ഷ്യം കാണാത്തതും പാർട്ടിക്കുള്ളിൽ കുമാരസ്വാമിയുടെ പ്രഭാവം കുറയുന്നതിന്റെ സൂചനയായി ചൂണ്ടികാണിക്കപ്പെടുന്നു.