അഞ്ചുവയസ്സുകാരിയുടെ മാല കവർന്നു; എയർഹോസ്റ്റസിനെതിരെ പരാതി, കേസ്

Mail This Article
ബെംഗളൂരു ∙ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയർഹോസ്റ്റസ് സ്വർണമാല കവർന്നതായി ആരോപിച്ച് കൊൽക്കത്ത സ്വദേശിനി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. അഞ്ചുവയസ്സുകാരി മകളുടെ 20 ഗ്രാം സ്വർണ മാല ശുചിമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി കവർന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിയങ്ക മുഖർജിയാണ് ബെംഗളൂരു വിമാനത്താവള പൊലീസിൽ പരാതി നൽകിയത്.
അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് കമ്പനി അറിയിച്ചു. എന്നാൽ, പൊലീസ് ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ കമ്പനി അധികൃതർ തയാറായില്ലെന്ന് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ 1നാണ് സംഭവം.
ഇൻഡിഗോ 6ഇ 551 വിമാനത്തിൽ 2 മക്കൾക്കൊപ്പമാണ് പ്രിയങ്ക യാത്ര ചെയ്തത്. മക്കൾ വഴക്കിട്ടപ്പോൾ മൂത്ത മകളെ സമാധാനിപ്പിക്കാനായി എയർഹോസ്റ്റസ് കൂട്ടിക്കൊണ്ടു പോയി. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനിടെയാണ് മകളുടെ മാല നഷ്ടമായത് ശ്രദ്ധയിൽപെട്ടത്. മകളോടു ചോദിച്ചപ്പോൾ എയർഹോസ്റ്റസ് എടുത്തെന്നു മറുപടി നൽകി. തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്നും പ്രിയങ്ക പറഞ്ഞു.