‘ആരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ...’?; കത്തോലിക്കാ സഭയ്ക്കെതിരായ ഓർഗനൈസർ ലേഖനം ഇങ്ങനെ

Mail This Article
ന്യൂഡൽഹി∙ സർക്കാരിതര മേഖലയിലെ ഏറ്റവും വലിയ ഭൂവുടമയെന്നു കത്തോലിക്കാ സഭയെ വിശേഷിപ്പിച്ച ഓർഗനൈസർ ലേഖനം ചർച്ചയാകുകയാണ്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായതിനെ തുടർന്നു കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കത്തോലിക്കാ സഭയ്ക്ക് 7 കോടി ഹെക്ടർ (7 ലക്ഷം ചതുരശ്ര കിലോമീറ്റർ) ഭൂസ്വത്തുണ്ടെന്നും സ്വത്തു ലഭിച്ച മാർഗങ്ങളിൽ പലതും ദുരൂഹമാണെന്നുമായിരുന്നു ലേഖനത്തിലെ ആരോപണങ്ങൾ.
‘ആരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ’: ശശാങ്ക് കുമാർ ദ്വിവേദിയുടെ ലേഖനത്തിൽ പറയുന്നത്
‘കത്തോലിക്കാ സഭയ്ക്ക് ആകെ 20,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുണ്ടെന്നാണു റിപ്പോർട്ടുകൾ. 2012ലെ കണക്കനുസരിച്ച് 2,457 ആശുപത്രികൾ, 240 മെഡിക്കൽ, നഴ്സിങ് കോളജുകൾ, 28 കോളജുകൾ, 5 എൻജിനീയറിങ് കോളജുകൾ, 3765 സെക്കൻഡറി സ്കൂളുകൾ, 7319 പ്രൈമറി സ്കൂളുകൾ, 3187 നഴ്സറി സ്കൂളുകൾ എന്നിവ സഭയുടെ ഉടമസ്ഥതയിലുണ്ട്. 2021 ഫെബ്രുവരിയിലെ സർക്കാർ കണക്കു പ്രകാരം 15,531 ചതുരശ്ര കിലോമീറ്റർ ഭൂമിയാണു കേന്ദ്ര സർക്കാരിന്റെ കയ്യിലുള്ളത്. സർക്കാർ കഴിഞ്ഞാൽ, വഖഫ് ബോർഡിന്റെ കയ്യിലാണ് ഏറ്റവും കൂടുതൽ ഭൂസ്വത്തുള്ളതെന്നായിരുന്നു എല്ലാവരുടെയും ധാരണ. എന്നാൽ, കത്തോലിക്കാ സഭയാണു രണ്ടാം സ്ഥാനത്തെന്നു കണക്കുകൾ തെളിയിക്കുന്നു.’
മുനമ്പത്തുള്ളവർക്കു ഭൂമി ലഭിക്കാൻ സഹായകരമാകുമെന്നതടക്കമുള്ള വാദങ്ങളുമായി വഖഫ് ബില്ലിൽ രാഷ്ട്രീയനേട്ടം കൊയ്യാനിറങ്ങിയ ബിജെപി, കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തിരിച്ചടി ഭയന്നാണു ലേഖനം പിൻവലിച്ചത്. വിവാദത്തിൽ ബിജെപിയോ ആർഎസ്എസോ പ്രതികരിച്ചിട്ടില്ല. ഓർഗനൈസർ ലേഖനം പിൻവലിച്ചതിനാൽ അതിനോടു നേരിട്ട് പ്രതികരിക്കാനില്ലെന്നാണ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പറഞ്ഞത്.