മധുരയിൽ അതുക്കും മേലെ; ബേബി വെറും ബേബിയല്ല, ഒടുവിൽ പിന്തുണച്ച് കേരള ഘടകം

Mail This Article
കോട്ടയം∙ സിപിഎമ്മിലെ കണ്ണൂർ ലോബിക്ക് എന്നും അനഭിമതൻ ആയിരുന്ന എം.എ. ബേബി കേരളഘടകത്തിന്റെ പൂർണ പിന്തുണയോടെയാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പദത്തിലേക്ക് എത്തിയത്. കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യകാലത്ത് സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് ജൂനിയറായിരുന്ന എം.വി. ഗോവിന്ദനെ പരിഗണിച്ചപ്പോൾപ്പോലും ബേബിയെ സംസ്ഥാന നേതൃത്വം വകവച്ചിരുന്നില്ല. എൽഡിഎഫ് കൺവീനറായിരുന്ന വിജയരാഘവന് ആക്ടിങ് സെക്രട്ടറിയുടെ അധികച്ചുമതല നൽകിയപ്പോഴും ബേബിയുടെ പേരു ചർച്ചയ്ക്കുപോലും വയ്ക്കാതെ സംസ്ഥാന നേതൃത്വം ശ്രദ്ധിച്ചു. അങ്ങനെ സംസ്ഥാന സെക്രട്ടറിയാകാൻ കഴിയാതെ പോയ ബേബിയാണ് ഇപ്പോൾ ജനറൽ സെക്രട്ടറിയാകുന്നത്.
മധുരയിൽ കേരളഘടകം പിന്തുണച്ചില്ലെങ്കിലും ബേബിയെ തലപ്പത്തേക്ക് എത്തിക്കാനുള്ള നീക്കം ദേശീയ നേതൃത്വം ആരംഭിച്ചിരുന്നതായാണു വിവരം. യച്ചൂരിയുടെ മരണത്തിനും സമ്മേളനത്തിനും ഇടയിലുള്ള ഇടവേളയിൽ ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ചകളും നടന്നു. പിന്തുണച്ചില്ലെങ്കിലും ബദൽ നീക്കം കേരളഘടകം പ്രതീക്ഷിച്ചിരുന്നു. മധുരയിൽ പാർട്ടി കോൺഗ്രസ് തുടങ്ങി രണ്ടാം ദിവസം രാത്രിയാണ് ബേബിയെ പിന്തുണയ്ക്കാൻ കേരള ഘടകം തീരുമാനിച്ചത്. പ്രകാശ് കാരാട്ടിന്റെയും വൃന്ദാ കാരാട്ടിന്റെയും ഇടപെടൽ നിർണായകമായി.

2014ലെ കൊല്ലം പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെയാണ് ബേബിയും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നത വർധിച്ചത്. അന്ന് പിണറായി വിജയന്റെ പരനാറി പരാമർശത്തിൽ മനംനൊന്ത് പരാജയത്തിനു പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്ക്കാനുള്ള നീക്കംവരെ ബേബി നടത്തിയിരുന്നു. പൊളിറ്റ് ബ്യൂറോ അംഗമായിട്ടും ജില്ലാ സമ്മേളനങ്ങളില്‍പ്പോലും വേണ്ടത്ര പരിഗണന ബേബിക്കു ലഭിച്ചിരുന്നില്ല. 2018ലെ തൃശൂർ സമ്മേളനത്തിൽ ഇക്കാര്യത്തിലുള്ള അതൃപ്തി ബേബി യച്ചൂരിയെ അറിയിച്ചിരുന്നു.

ബേബിയുടെ സ്വന്തം ജില്ലയായ കൊല്ലത്തുപോലും അദ്ദേഹത്തിനു മതിയായ പരിഗണന പലപ്പോഴും ലഭിച്ചിരുന്നില്ല. ബേബിയെ മാറ്റിനിര്‍ത്തുന്നതില്‍ വിയോജിപ്പുള്ളവര്‍ ഏറെയുണ്ടായിരുന്നു എങ്കിലും ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കാന്‍ പല നേതാക്കളും ഭയപ്പെട്ടിരുന്നു. വി.എസ്. അച്യുതാനന്ദനുശേഷം പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായങ്ങളൊന്നും ഉയരാതിരിക്കാന്‍ കണ്ണൂർ ലോബിയുടെ കണ്ണ് എന്നും ബേബിക്കുമേൽ ഉണ്ടായിരുന്നു.
2018ൽ ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളില്‍ മാത്രമാണ് ബേബിക്ക് അവസരം ലഭിച്ചത്. കൊല്ലത്തെ സമ്മേളനമെങ്കിലും ബേബിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമായിരുന്നു എന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ സംസാരം. പകരം തൃശൂരിലെ സ്‌കൂള്‍ കലോത്സവംപോലും ഉപേക്ഷിച്ച് മുഖ്യമന്ത്രി കൊല്ലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എം.എ. ബേബിയുടെ തോല്‍വിയിലേക്കു നയിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാകാതിരിക്കാന്‍ ബോധപൂര്‍വ ഇടപെടലുകളുണ്ടായെന്നതും പരസ്യമായ രഹസ്യമായി.
തനിക്കെതിരെ പല തരത്തിലുള്ള നീക്കങ്ങൾ നടന്നപ്പോഴും നിശബ്ദനായിരുന്നു ബേബി. പാർട്ടിക്കുമേൽ പറക്കരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. ജനറൽ സെക്രട്ടറി പദത്തിലെത്തത്തിയ ബേബി ആ നിർബന്ധ ബുദ്ധി തുടരുമോയെന്നാണ് പാർട്ടി പ്രവർത്തകർ ഉറ്റുനോക്കുന്നത്. ഒപ്പം പാർട്ടി പാർട്ടിക്കുമേൽ വളരുന്ന കേരളത്തിലെ പാർട്ടി നേതൃത്വത്തോടുള്ള ബേബിയുടെ സമീപനവും ശ്രദ്ധേയമാകും.