ADVERTISEMENT

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർ‌ജി തള്ളിയത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ വാദം. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ലാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ദിലീപ് 2019ൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിൾ ബെ‍ഞ്ച് വിധിയിലെ നിരീക്ഷണങ്ങൾ വിചാരണ കോടതിയെ സ്വാധീനിക്കരുതെന്ന് ഇന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും അത് തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. ഇത് കോടതി അംഗീകരിച്ചു. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് ദിലീപ് വാദിച്ചിരുന്നു. ഈ വാദങ്ങൾ പക്ഷേ കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് നേരത്തെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. 

നടി ആക്രമിച്ച കേസിന്റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരുകയാണ്. ഈ മാസം 11നു തന്നെ വാദം പൂർത്തിയാക്കണം എന്നാണ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും വിചാരണ കോടതി നൽകിയിട്ടുള്ള നിർദേശം. ഇതിനിടയിലാണ് സിബിഐ അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവും വന്നത്. 

2017 ഫെബ്രുവരി 17നാണ് ഷൂട്ടിങ്ങിനു ശേഷം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെടുന്നതും ഇതിന്റെ ദൃശ്യങ്ങൾ പകർത്തപ്പെടുന്നതും. പള്‍സർ സുനി കേസിൽ ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയുമാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ദിലീപ് ഒന്നര കോടി രൂപയ്ക്ക് തനിക്ക് ക്വട്ടേഷൻ തന്നതാണെന്ന് അവകാശപ്പെട്ട് പൾസർ സുനി അടുത്തിടെ രംഗത്തെത്തിയിരുന്നു.

English Summary:

Actress Attack Case: Kerala high court dismiss Actor Dileep's plea seeking CBI investigation in Actress Attack Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com