കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇ.ഡിക്കു മുന്നിൽ ഹാജരായി, രേഖകളെല്ലാം കൈമാറിയെന്ന് രാധാകൃഷ്ണൻ

Mail This Article
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫിസിലാണ് ഇന്ന് രാവിലെ 11 മണിയോടെ അദ്ദേഹം ഹാജരായത്. രാധാകൃഷ്ണന്‍ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന 2016–2018 സമയത്ത് കരുവന്നൂര്‍ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് അദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുന്നതിനു മുമ്പായാണ് രാധാകൃഷ്ണനേയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്.
കരുവന്നൂർ ബാങ്കുമായുള്ള സിപിഎമ്മിന്റെ ബന്ധം, ബാങ്കിൽ സിപിഎമ്മിനുണ്ടായിരുന്ന അക്കൗണ്ടുകളിലെ പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ രാധാകൃഷ്ണനിൽ നിന്ന് വിവരങ്ങൾ തേടിയേക്കും. കൃത്യമായ രേഖകൾ ഇല്ലാതെ ബെനാമിയായും മറ്റും ഇഷ്ടക്കാർക്ക് വായ്പകൾ നൽകി ബാങ്കിന് കോടികളുടെ നഷ്ടം ഉണ്ടായി എന്നാണ് കരുവന്നൂർ കേസ്. ഇത്തരത്തിൽ തട്ടിയെടുക്കപ്പെട്ട പണത്തിൽ ഒരു ഭാഗം സിപിഎമ്മിന്റെ അക്കൗണ്ടിലും എത്തിയെന്ന് ആരോപണമുണ്ടായിരുന്നു. കേസിൽ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.
സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, നിലവിലെ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയവരെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. അതിനു ശേഷമാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ രാധാകൃഷ്ണനു നോട്ടിസ് അയച്ചത്. എന്നാൽ പാർലമെന്റ് സമ്മേളനവും പിന്നാലെ പാർട്ടി കോൺഗ്രസും ചൂണ്ടിക്കാട്ടി ഹാജരാകുന്നതിനു രാധാകൃഷ്ണൻ സമയം നീട്ടി ചോദിക്കുകയായിരുന്നു. തന്റെ സ്വത്തുവകകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമെല്ലാം നേരത്തെ തന്നെ ഇ.ഡിക്ക് കൈമാറിയിരുന്നുവെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.