ADVERTISEMENT

ബത്തേരി∙ ദേശീയ പാത 766ൽ ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ചൂടുപിടിക്കവേ കർണാടകയിൽ ഒരു സംഘം ആളുകൾ പ്രതിഷേധവുമായി രംഗത്ത്. വനത്തിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും അടയ്ക്കണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് അടുത്തിടെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് ഇടക്കാലത്ത് നിർജീവമായ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ആരംഭിച്ചത്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഒറ്റ ദിവസം കൊണ്ട് കർണാടക സർക്കാർ പിൻവലിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിരുന്നു രാത്രിയാത്രാ നിരോധനം. കർണാടകയിൽ കോൺഗ്രസ് ഭരിക്കുമ്പോൾ ദേശീയ പാത പൂർണമായും അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ വലിയ പ്രതിഷേധം ഉടലെടുത്തു. റിപ്പോർട്ട് പിൻവലിച്ചതിനു പിന്നാലെ നിരോധനം പൂർണമായും നീക്കിയേക്കും എന്ന അഭ്യൂഹമാണ് പരന്നത്. ഇതോടെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

റോഡ് പൂർണമായും അടയ്ക്കണം: കർണാടകയിൽ പ്രതിഷേധം

രാത്രിയാത്ര നിരോധനം നീക്കുന്നതിനെതിരെ ഞായറാഴ്ച ഗുണ്ടിൽപേട്ടിൽ പ്രതിഷേധം നടത്തി.  ‘വാക്ക് ഫോർ ബന്ദിപ്പുർ’ എന്ന പേരിൽ യുണൈറ്റഡ് കൺസർവേഷൻ മൂവ്മെന്റ് എന്ന സംഘടനായണ് കെഗ്ഗല ഹുണ്ടി മുതൽ മധൂർ ചെക്ക് പോസ്റ്റ് വരെ പ്രതിഷേധ മാർച്ച്  നടത്തിയത്. രാത്രിയാത്രാ നിരോധനം നീക്കരുതെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം നൽകുകയും ചെയ്തു. രാത്രിയാത്രാ നിരോധനം നടപ്പാക്കിയ ശേഷം വന്യമൃഗങ്ങൾ വാഹനമിടിച്ച് ചാകുന്നത് 90 ശതമാനം കുറഞ്ഞുവെന്നാണ് സംഘടന പറയുന്നത്. 2004 മുതൽ 2007 വരെ പക്ഷികളും പാമ്പുകളും ഉൾപ്പെടെ 222 വന്യജീവികൾ വാഹനമിടിച്ചു ചത്തു. എന്നാൽ 2022 മുതൽ 2024 വരെ 9 ജീവികൾ മാത്രമാണ് വാഹനമിടിച്ച് ചത്തതെന്നും ഇവർ പറയുന്നു. വരും ദിവസങ്ങളിൽ മൈസൂരുവിലും ബെംഗളൂരുവിലും സമരം സംഘടിപ്പിക്കാനാണ് നീക്കം.

ഉന്നത തല യോഗം വിളിക്കാൻ സിദ്ദരാമയ്യ

ബന്ദിപ്പുർ വനമേഖലയിലെ രാത്രിയാത്രാ നിരോധനം നീക്കാൻ എഐസിസിയിൽ നിന്നുള്ള സമ്മർദം ശക്തമായിരിക്കെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ ഉന്നത തല യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാത്രിയാത്രാ നിരോധനം നീക്കുന്ന കാര്യത്തിൽ കേരളവുമായി ചില ഭിന്നതകളുണ്ടെന്നും ഇതു ചർച്ച ചെയ്തു പരിഹരിക്കുമെന്നും കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രെയും പറഞ്ഞു. ഇതോടെയാണ് കർണാടകയിലെ ചില പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയത്.

എന്നാൽ, രാത്രിയാത്രാ നിരോധനം നീക്കാൻ കർണാടക സർക്കാരിനു പദ്ധതിയില്ലെന്നാണ് ഗുണ്ടൽപേട്ടിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത സ്ഥലം എംഎൽഎ ഗണേഷ് പ്രസാദ് പറഞ്ഞത്. യാത്രാ നിരോധനമുള്ള സമയത്ത് കുറച്ചുകൂടി ബസ് ഓടിക്കാൻ അനുമതി നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാര്യം പരിഗണിക്കുമെന്നും കോൺഗ്രസ് എംഎൽഎ ആയ ഗണേഷ് പ്രസാദ് പറഞ്ഞു. നിലവിൽ നാല് ബസുകളാണ് രാത്രിയിൽ ഇതുവഴി കടന്നു പോകുന്നത്. 

കാര്യമായി പരിഗണിച്ച് സിദ്ധരാമയ്യ

കേരളവും കർണാടകയും കേന്ദ്രവും കോൺഗ്രസ് ഭരിക്കുന്ന കാലത്തു പോലും രാത്രിയാത്രാ നിരോധനം നീക്കാൻ നടപടിയുണ്ടായില്ലെന്ന് ആക്ഷേപം നിലനിൽക്കെയാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ വയനാട്ടിൽ എത്തിയത്. രാത്രിയാത്രാ നിരോധനം നീക്കുമെന്നു പറഞ്ഞെങ്കിലും 5 വർഷത്തിനിെട ഒന്നുമുണ്ടായില്ല. പ്രിയങ്ക ഗാന്ധി വന്നപ്പോഴും ഇക്കാര്യം ആവർത്തിച്ചു. ഇതിനിടെയാണ് റോഡ് പൂർണമായി അടയ്ക്കണമെന്നും ബദലായി എസ്എച്ച് 88 ഉപയോഗിക്കാമെന്നും 75 കോടി മുടക്കി അറ്റകുറ്റപ്പണി നടത്തിയെന്നുമുള്ള സത്യവാങ്മൂലം നൽകിയത്. എന്നാൽ നിലവിലുള്ളതിലും കൂടുതൽ ദൂരം കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ഈ പാത എൻഎച്ച് 766ന് ബദലാകാൻ സാധിക്കില്ലെന്നു വ്യക്തമാണ്.

സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ഒറ്റ ദിവസം കൊണ്ട് പിൻവലിച്ചതിനു പിന്നിൽ എഐസിസിയിൽ നിന്ന് ശക്തമായ നിർദേശം വന്നുവെന്ന കാര്യം വ്യക്തമാണ്. രാത്രിയാത്രാ നിരോധനം നീക്കുമെന്ന് പ്രിയങ്ക ഗാന്ധി പറയുന്നതിനിടെയാണ് റോഡ് പൂർണമായും പൂട്ടണമെന്നാവശ്യപ്പെട്ട് കർണാടക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥനെ കർണാടക വനംമന്ത്രി ശാസിച്ചതായി വാർത്ത പുറത്തു വന്നതിനാൽ രാഷ്ട്രീയ നേതൃത്വം അറിയാതെയാണ് റിപ്പോർട്ട് പോയതെന്നാണ് അനുമാനം.

പ്രതിഷേധം: അവിടെയും ഇവിടെയും

എന്തായാലും രാത്രിയാത്രാ നിരോധനം നീക്കാൻ കർണാടകയിൽ ശക്തമായ നീക്കം നടക്കുന്നുണ്ട്. അക്കാര്യം അറിഞ്ഞതിനാലാണു പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഗുണ്ടൽപേട്ടയിൽ നടത്തിയ സമരത്തിൽ നാമമാത്രമായ ആളുകളാണ് പങ്കെടുത്തത്. അതിൽ തന്നെ പ്രദേശവാസികളായ ആളുകൾ കുറവാണ്. രാത്രിയാത്രാ നിരോധനം നീക്കിയാൽ ഗുണ്ടൽപേട്ടയിലും വ്യാപാരം പച്ചപിടിക്കുമെന്നതിനാൽ നാട്ടുകാർ നിരോധനം നീക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്.

റോഡ് കർണാടകയിലാണെങ്കിലും ഉപയോക്താക്കളിൽ ഏറെയും മലയാളികളാണ്. 2019ൽ റോഡ് പൂർണമായും അടയ്ക്കാനുള്ള നീക്കത്തിലേക്ക് കർണാടക പോയപ്പോൾ ബത്തേരിയിൽ വൻ ജനകീയ പ്രക്ഷോഭമാണ് നടന്നത്. തുടർന്ന് തീരുമാനത്തിൽനിന്ന് കർണാടക പിന്നാക്കം പോകുകയും തൽസ്ഥിതി തുടരുകയുമായിരുന്നു. റോഡ് പൂർണമായും തുറക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുമ്പോൾ കർണാടകയിൽ പ്രതിഷേധമുണ്ടെങ്കിലും നാമമാത്രമായ പരിസ്ഥിതി പ്രവർത്തകരാണ് രംഗത്തുള്ളത്. ദേശീയ പാത 766 വികസിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. രാത്രിയാത്രാ നിരോധനം കൂടി നീക്കിയാൽ മലബാർ– ബെംഗളൂരു യാത്രാ സുഗമമാകും. മലബാറിന് വലിയ നേട്ടമാകുകയും ചെയ്യും.

English Summary:

Bandipur Night Travel Ban: Karnataka Faces Protests Amidst Renewed Debate, Night travel ban on NH 766 through Bandipur National Park sparks controversy. Protests erupt in Karnataka following the government's withdrawal of an affidavit seeking the road's closure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com