ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ച വിഷയത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്ക് എതിരെയാണ് സുപ്രീം കോടതി വിധി വന്നതെങ്കിലും സംസ്ഥാന സർക്കാരിനും സിപിഎമ്മിനും ഏറെ ആശ്വാസകരമാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടഞ്ഞുവച്ചത് സര്‍ക്കാരിനു വലിയ തലവേദന ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേരളം നല്‍കിയിരിക്കുന്ന ഹര്‍ജികള്‍ പരിഗണനയ്ക്കു വരുമ്പോള്‍ തമിഴ്‌നാട് വിധി അനുകൂല സ്വാധീനമുണ്ടാക്കുമെന്നതും സര്‍ക്കാരിനു പ്രതീക്ഷ നല്‍കുന്നതാണ്.

ഭാവിയില്‍ നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പരിഗണനയ്ക്ക് എത്തുമ്പോള്‍ ഇപ്പോഴത്തെ സുപ്രീംകോടതി വിധി ഗവര്‍ണര്‍മാര്‍ സ്വീകരിക്കുന്ന നിലപാടുകളെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സംസ്ഥാന സര്‍ക്കാരുമായി അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെയും ഉപദേശങ്ങള്‍ക്കനുസരിച്ചാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന സുപ്രീം കോടതി വിധി സര്‍ക്കാരിനു മേല്‍ക്കൈ ഉറപ്പാക്കുന്നതായി. ബില്ലുകള്‍ പാസാക്കുന്നതിനു കൃത്യമായി സമയപരിധി നിശ്ചയിച്ചതും സര്‍ക്കാരിന് നേട്ടമാകും. 

ആർ.എൻ.രവി (പിടിഐ ചിത്രം)
ആർ.എൻ.രവി (പിടിഐ ചിത്രം)

നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവച്ച മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും രാഷ്ട്രപതിക്കെതിരെയും നിയമപോരാട്ടം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. ഇന്നത്തെ വിധി കേരളത്തിന്റെ ഹര്‍ജികളെയും അനുകൂലമായി ബാധിക്കും. കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി ഗവര്‍ണര്‍മാര്‍ പെരുമാറുന്നുവെന്നും നിയമസഭകളുടെ അധികാരത്തെ മറികടക്കാനുള്ള നീക്കം ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നുമുള്ള വാദമാണ് സര്‍ക്കാരും സിപിഎമ്മും നിരന്തരമായി ഉന്നയിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎമ്മിന്റെ നേതാക്കളെല്ലാം സുപ്രീംകോടതി വിധിയോടു പ്രതികരിച്ചിരിക്കുന്നതും സമാനമായ തരത്തിലാണ്. സുപ്രീം കോടതി വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച എട്ടു ബില്ലുകളില്‍ രണ്ടെണ്ണം 23 മാസത്തോളം തടഞ്ഞുവച്ചിരുന്നു. മറ്റു ചില ബില്ലുകള്‍ 15, 13, 10 മാസം വീതവും അനുമതിക്കായി കാത്തുകിടന്നിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി സര്‍ക്കാരിന് അനുകൂലമായി നിരീക്ഷണം നടത്തുകയും ചെയ്തതോടെ ഏഴു ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കുകയായിരുന്നു. പൊതുജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുകയും ചെയ്തു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള 2 ബില്ലുകള്‍, വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്ന സേര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ സ്വാധീനം ഉറപ്പാക്കാനുള്ള ബില്‍, യൂണിവേഴ്‌സിറ്റി അപ്‌ലറ്റ് ട്രൈബ്യൂണലായി സിറ്റിങ് ജില്ലാ ജഡ്ജിയെ ഗവര്‍ണര്‍ നിയമിക്കുന്നതിനു പകരം വിരമിച്ച ജഡ്ജിയെ സര്‍ക്കാര്‍ നിയമിക്കുന്നതിനുള്ള 2 ബില്ലുകള്‍, അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള ബില്‍, ക്ഷീര സഹകരണ സംഘങ്ങളിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം നല്‍കി മില്‍മയുടെ ഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുന്ന ബില്‍ എന്നിവയാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചത്. ഇതില്‍ ലോകായുക്ത ബില്ലിന് മാത്രമാണ് അംഗീകാരം ലഭിച്ചത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍, 2021ലെ യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ നിയമനഭേദഗതി ബില്‍ എന്നിവ ഉള്‍പ്പെടെ മൂന്നെണ്ണം രാഷ്ട്രപതി തിരിച്ചയച്ചു. മറ്റു ബില്ലുകള്‍ പരിഗണനയിലാണെന്നാണ് അറിയിച്ചിരിക്കുന്നത്. ബില്ലുകള്‍ തടഞ്ഞുവച്ചിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറി, കേരള ഗവര്‍ണര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയും ടി.പി.രാമകൃഷ്ണന്‍ എംഎല്‍എയുമാണ് ഹര്‍ജിക്കാര്‍. അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും എന്താണു രേഖപ്പെടുത്തിയിരിക്കുന്നത് എന്നറിയാന്‍ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Supreme Court Verdict Gives Hope to Kerala: Supreme Court ruling against Governor's bill withholding strengthens Kerala government's position. The landmark decision impacts pending cases and reinforces the state legislature's authority.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com