ADVERTISEMENT

കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ 8 മണിക്കൂർ ഓഫിസിൽ ഇരുത്തിയെങ്കിലും ചോദ്യം ചെയ്തത് ഒരു മണിക്കൂർ മാത്രമെന്ന് സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണൻ. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയും കരുവന്നൂർ ബാങ്കുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു ഇ.ഡിക്ക് അറിയേണ്ടിയിരുന്നത്.  എന്നാൽ തൃശൂർ ജില്ലാ കമ്മിറ്റിക്ക് കരുവന്നൂർ ബാങ്കിൽ അക്കൗണ്ടില്ലെന്ന കാര്യം ഇ.ഡിക്ക് ബോധ്യപ്പെട്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു. കേസിൽ ഈ മാസം തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇ.ഡി ഒരുങ്ങുന്നത്. 

കരുവന്നൂർ തട്ടിപ്പ് കേസിൽ ബാങ്കിലെ പാർട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് ഇ.ഡിയോട് കെ.രാധാകൃഷ്ണൻ പറഞ്ഞു. ഡയറക്ടർ ബോർഡിനപ്പുറം പാർട്ടിക്ക് മറ്റു സംവിധാനങ്ങളില്ല. ബാങ്കിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലെന്നു താൻ വിശദീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്കിലുള്ള സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിനെ കുറിച്ചായിരുന്നു ഇ.ഡിക്ക് അറിയേണ്ടത്. അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്ന് പറഞ്ഞിട്ടും അവർ അതു തന്നെ ചോദിച്ചുകൊണ്ടിരുന്നു. താൻ സെക്രട്ടറിയായിരുന്ന 2017ലാണ് അക്കൗണ്ട് തുടങ്ങിയതെന്നാണു അവർ പറഞ്ഞത്. അങ്ങനെ ഒരു അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും രേഖകൾ പരിശോധിക്കാനും താൻ ആവശ്യപ്പെട്ടെന്ന് രാധാകൃഷ്ണൻ പറഞ്ഞു. അപ്പോഴാണ് അവർക്ക് അക്കാര്യം ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ സ്വത്തു വിവരങ്ങളും അക്കൗണ്ടിലെ കാര്യങ്ങളുെമാക്കെ ഇ.‍ഡിക്ക് നേരത്തേ കൈമാറിയിരുന്നു. 5 വട്ടം എംഎൽഎയും പിന്നീട് എംപിയുമായ തനിക്ക്,  വരുമാനത്തിന് അപ്പുറം എന്തെങ്കിലും ഉണ്ടോയെന്ന് അവർക്ക് പരിശോധിക്കാം. ഇപ്പോൾ നടക്കുന്നത് ബോധപൂർവമായ കാര്യങ്ങളാണ്. ഇത്ര മണിക്കൂർ ചോദ്യം ചെയ്തു എന്നൊക്കെ പ്രചരിപ്പിച്ചു ആത്മവീര്യം തകർക്കാൻ നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ രേഖകൾ ഇല്ലാതെ ബിനാമിയായും മറ്റും ഇഷ്ടക്കാർക്ക് വായ്പകൾ നൽകി ബാങ്കിന് കോടികളുടെ നഷ്ടം ഉണ്ടാക്കി എന്നാണ് കരുവന്നൂർ കേസ്. ഇത്തരത്തിൽ തട്ടിയെടുക്കപ്പെട്ട പണത്തിൽ ഒരു ഭാഗം സിപിഎമ്മിന്റെ അക്കൗണ്ടിലും എത്തിയെന്ന് ആരോപണമുണ്ടായിരുന്നു. കേസിൽ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, നിലവിലെ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയവരെയും ഇ.ഡി നേരത്തേ ചോദ്യം ചെയ്തിരുന്നു.

English Summary:

Karuvannur Bank Scam: MP K. Radhakrishnan says CPIM Thrissur DC has no account in Karuvannur Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com