തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറി; നാളെ രാവിലെയോടെ രാജ്യത്തെത്തിക്കും

Mail This Article
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറി. തഹാവൂർ റാണയുമായി ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥർ രാവിലെയോടെ രാജ്യത്തെത്തും. തഹാവൂർ റാണയെ ഇന്ത്യൻ സംഘത്തിനു കൈമാറിയെന്നു യുഎസ് അറിയിച്ചു. ഇന്ത്യയ്ക്കു കൈമാറുന്നതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണു ഇന്ത്യ നടപടികൾ വേഗത്തിലാക്കിയത്. ഇന്ത്യയുടെ കസ്റ്റഡിയിലായ തഹാവൂർ റാണയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ ലൊസാഞ്ചൽസിലെ തടങ്കൽ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനാണെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ തഹാവൂർ റാണ നൽകിയ അപേക്ഷ യുഎസ് സുപ്രീംകോടതി നിരസിച്ചിരുന്നു. തന്റെ ദേശീയ, മത, സാംസ്കാരിക വ്യക്തിത്വം എന്നിവയുടെ പേരിൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാനും കൊലചെയ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്. 2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനിൽ ഒരാളായ പാക്ക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.