ADVERTISEMENT

കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിച്ചിട്ടില്ലെന്നും കോടതി വിമർശിച്ചു. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ഡി.കെ.സിങ് വെള്ളിയാഴ്ച നിർദേശം നൽകി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ യാതൊരു വിധത്തിലുള്ള സമ്മർദത്തിനും അടിപ്പെടരുതെന്നും സുത്യാര്യവും നേരായ മാർഗത്തിലുമായിരിക്കണം അന്വേഷണമെന്നും കോടതി നിർദേശിച്ചു. കേസ് അന്വേഷണം നീണ്ടു പോകുന്നതിൽ കഴിഞ്ഞ ദിവസങ്ങളിൽ കോടതി പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം നടത്താനായി ഇസിഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും പങ്ക് അന്വേഷിക്കണം. ഇതിനായി ആവശ്യമുള്ള രേഖകൾ ഇ.ഡി, പൊലീസ് അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചു. സിപിഎം നേതാക്കൾ ആണല്ലോ പ്രതിപ്പട്ടികയിൽ ഉള്ളതെന്ന് ചോദിച്ച കോടതി, ഇവരുടെ പങ്ക് അന്വേഷിക്കുക ബുദ്ധിമുട്ടായിരിക്കുമല്ലേ എന്നും വാക്കാൽ ചോദിച്ചു. പാർട്ടിയുടെ നേതാക്കൾക്കൊന്നും പങ്കില്ലെന്ന് പറഞ്ഞിട്ട് ജില്ലാ അംഗങ്ങൾ വരെ ഉണ്ടല്ലോ എന്നും കോടതി വാക്കാൽ പറഞ്ഞു. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രൻ, മുൻ ലോക്കൽ സെക്രട്ടറി എം.ബി.രാജു തുടങ്ങിയവരുടെ േപരുകള്‍ എടുത്തു പറഞ്ഞായിരുന്നു കോടതിയുടെ വിമർശനം.

അന്വേഷണം നടത്തുമ്പോൾ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ  സമ്മർദം ചെലുത്താനായി വിളിക്കുമെന്നും അതിന് കീഴ്പ്പെടരുതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നിർദേശിച്ചു. കരുവന്നൂരുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തിട്ടുള്ള 19 കേസുകളിലും ഉൾപ്പെട്ട എല്ലാ കുറ്റാരോപിതരുടേയും പങ്ക് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. രേഖകൾ ഇ.ഡിക്ക് കൈമാറിയതിനാലാണ് അന്വേഷണം വൈകുന്നതെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ പണം തട്ടിയെടുത്ത കേസ് അല്ലേ, അന്വേഷണത്തിൽ ഇനിയും അമാന്തമുണ്ടാകരുത് എന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്.

English Summary:

Karuvannur Bank Fraud: The Kerala High Court orders a detailed, three-month investigation into the Karuvannur Cooperative Bank scam, criticizing the police's inefficiency and demanding the thorough investigation of political figures involved, including CPM leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com