ADVERTISEMENT

വാഷിങ്ടൻ∙ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ പാക്ക് വംശജൻ തഹാവൂർ റാണയെ (64) യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ, റാണയെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറുന്ന ദൃശ്യങ്ങൾ പുറത്ത്. യുഎസ് ജസ്റ്റിസ് ഡിപാർട്മെന്റാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ഏപ്രിൽ 9ന് മുൻകൂട്ടി തീരുമാനിച്ച സുരക്ഷിത മേഖലയിൽവച്ച് യുഎസ് മാർഷൽസ് ഇന്ത്യയുടെ വിദേശകാര്യ ഉദ്യോഗസ്ഥർക്ക് റാണയെ കൈമാറുന്നതാണു ദൃശ്യത്തിലുള്ളത്. 

നാടുകടത്തലുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി ഫെബ്രുവരി മുതൽ യുഎസിലുണ്ടായിരുന്ന എൻഐഎ സംഘത്തിന്റെ നേതൃത്വത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ്, ഇന്നലെ വൈകിട്ട് ആറരയോടെ റാണയെ ഡൽഹി വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്യുകയും  2 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. രാത്രി പത്തരയോടെ പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ്ങിനു മുന്നിൽ ഹാജരാക്കിയ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് എൻഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി. 

2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിലൊരാളായ, കനേഡിയൻ വ്യവസായിയായ റാണ ഭീകരവാദക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് 2009 മുതൽ യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു. ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് ഇവിടേക്കു കൊണ്ടുവരുന്നതിനുള്ള നിയമതടസ്സങ്ങൾ പൂർണമായി നീങ്ങിയത്.

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർ ആ വിധി അർഹിക്കുന്നെന്ന് റാണ പറഞ്ഞതായി യുഎസ് ജസ്റ്റിസ് ഡിപാർട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിപാദിക്കുന്നു. ഈ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ പ്രകീർത്തിക്കുന്നതിനൊപ്പം അവർക്ക് പാക്കിസ്ഥാന്റെ ഏറ്റവും വലിയ സൈനിക ബഹുമതിയായ നിഷാൻ–ഇ ഹൈദർ നൽകണമെന്നും അഭിപ്രായപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു.

English Summary:

Tahawwur Rana Extradited to India: Tahawwur Rana extradition to India concludes after his handover from US Marshals. The US Department of Justice released images of the transfer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com