ADVERTISEMENT

ന്യൂഡൽഹി∙ രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണയെ തടവിൽ പാർപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷയിൽ. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെ 14 അടി വീതം നീളവും വീതിയുമുള്ള സെല്ലിലാണ് കൊടും ഭീകരനെ പാർപ്പിച്ചിരിക്കുന്നത്. സിജിഒ കോംപ്ലക്സിലെ എൻഐഎ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഈ സെൽ സ്ഥിതി ചെയ്യുന്നത്. എൻഐഎ ആസ്ഥാനത്തിനു പുറത്ത് ഡൽഹി പൊലീസിന്റെയും അർധ സൈനികരുടെയും സുരക്ഷാ വിന്യാസവും ഒരുക്കിയിട്ടുണ്ട്. 

വിവിധ തലത്തിലുള്ള ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളടങ്ങിയ സെല്ലിലാണ് റാണയെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. ശുചിമുറിയുള്ള ഈ മുറിയിൽ ഒരു കിടക്കയുമുണ്ട്. ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ സെല്ലിന് അകത്തേക്കു എത്തിച്ചു നൽകും. റൂമിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിലൂടെ ഉദ്യോഗസ്ഥർ റാണയെ നിരന്തരം നിരീക്ഷിക്കും. 24 മണിക്കൂറും ആയുധധാരികളായ ഉദ്യോഗസ്ഥർ സെല്ലിനു പുറത്ത് കാവലുണ്ട്.

12 അംഗ എൻ‌ഐ‌എ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്. എന്‍ഐഎ മേധാവി, ഐജിമാര്‍, ഡിഐജി, എസ്പി ഉള്‍പ്പടെയുള്ള 12 അംഗ ഉദ്യോഗസ്ഥരാണ് ഈ സംഘത്തിലുള്ളത്. റാണയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിലേക്ക് ഇവർക്ക് മാത്രമേ പ്രവേശനമുള്ളൂ. ചോദ്യം ചെയ്യൽ ക്യാമറയിൽ റെക്കോർഡ് ചെയ്യും. എൻഐഎയെ കൂടാതെ റാണയെ ചോദ്യം ചെയ്യാനായി മറ്റു അന്വേഷണ ഏജൻസികളും കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ഡൽഹിയിലെത്തിച്ച തഹാവൂർ റാണയെ രാത്രി പട്യാല ഹൗസ് കോടതിയിലെ പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ്ങിനു മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിടുകയായിരുന്നു.

English Summary:

Mumbai Terror Attacks Planner Confined to High-Security NIA Cell: Tahawwur Rana's high-security confinement in Delhi highlights the severity of his role in the Mumbai terror attacks. The NIA is leading his intense interrogation, using advanced security measures and a dedicated team.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com