‘പുറത്തുവിട്ടാൽ ജീവനു ഭീഷണി’; ഷഹബാസ് വധക്കേസിൽ പ്രതികളായ 6 കുട്ടികളുടെയും ജാമ്യാപേക്ഷ തള്ളി കോടതി

Mail This Article
കോഴിക്കോട്∙ താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറു കുട്ടികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജുവനൈൽ ഹോമിലെ താമസ കാലാവധി 14 ദിവസം കൂടി നീട്ടുകയും ചെയ്തു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇവർ ജില്ലാ കോടതിയെ സമീപിച്ചത്.
പ്രായപൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന പ്രതികളായ കുട്ടികളുടെ അഭിഭാഷകരുടെ വാദം കോടതി പൂർണമായും തള്ളി. ഒന്നര മാസത്തോളമായി ജുവനൈൽ ഹോമിൽ കഴിയുകയാണെന്നും ഇതു കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു
ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇവരെ പുറത്തുവിട്ടാൽ സമൂഹത്തിനു തെറ്റായ സന്ദേശമാകും നൽകുന്നത്. കൃത്യമായി ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഇവർ സാക്ഷികളെ സ്വാധീനിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്കു നീങ്ങുമെന്നും കോടതിയെ അറിയിച്ചിരുന്നു.
പൊലീസും ജാമ്യം നൽകുന്നതിനെ എതിർത്തു. കുട്ടികളെ പുറത്തുവിട്ടാൽ അത് അവരുടെ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകാൻ ഇടയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഫെബ്രുവരി 28നാണു താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. നഞ്ചക്കുകൊണ്ടുള്ള അടികൊണ്ട് ഷഹബാസിനു തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.