‘തീർത്ത് പോ, ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാം’; മലപ്പുറത്ത് ഫോണിലൂടെ തലാഖ് ചൊല്ലി, പരാതിയുമായി യുവതി

Mail This Article
മലപ്പുറം∙ വേങ്ങരയില്‍ ഒന്നരം വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ മൊബൈല്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. യുവതിയുടെ ഭർത്താവും മലപ്പുറം കൊണ്ടോട്ടി തറയട്ടാല്‍ ചാലില്‍ സ്വദേശിയുമായ വീരാന്‍കുട്ടി യുവതിയുടെ പിതാവിനോട് സംസാരിക്കുന്ന ഓഡിയോ ആണ് പുറത്തുവന്നത്. ‘അന്റെ മോളെ ഞാൻ ഒന്നും രണ്ടും മൂന്നും തലാഖ് ചൊല്ലി, തീർത്തോ, തീർത്ത് പോ, ഒപ്പിടാനുള്ളിടത്തൊക്കെ ഒപ്പിടാം’ എന്നാണ് ഓഡിയോയിൽ പറയുന്നത്.
2023 ജൂലൈ 9 നായിരുന്നു യുവതിയുടെ വിവാഹം. 40 ദിവസമാണ് ഭര്‍ത്താവിന്‍റെ തറയട്ടാലിലെ വീട്ടില്‍ താമസിച്ചത്. ഗര്‍ഭിണിയായതിനു പിന്നാലെയുണ്ടായ ശാരീരിക അവശതകളെ തുടര്‍ന്ന് വേങ്ങരയിലെ വീട്ടിലേക്കു പോന്ന യുവതിയെ ഫോണിൽ പോലും ഭർത്താവ് ബന്ധപ്പെട്ടിരുന്നില്ല. തുടർന്ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 11 മാസമായി തിരിഞ്ഞു നോക്കാതിരുന്ന ഭര്‍ത്താവാണ് യുവതിയുടെ പിതാവുമായി ഫോണില്‍ വാദപ്രതിവാദങ്ങള്‍ നടത്തിയ ശേഷം മുത്തലാഖ് ചൊല്ലിയത്. യുവതിക്ക് കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങളും മടക്കി നല്‍കിയിട്ടില്ല. സംഭവത്തിൽ വനിത കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ ശക്തമായ നടപടി വേണമെന്നാണ് യുവതിയുടെയും കുടുംബത്തിന്‍റെയും ആവശ്യം.