വീണ്ടും കോൺഗ്രസ് ക്ഷണം സ്വീകരിച്ച് ജി. സുധാകരൻ, കെ.സി. വേണുഗോപാലിനൊപ്പം വേദി പങ്കിടും, എന്തു പറയും ?

Mail This Article
കോട്ടയം ∙ ഇന്ദിരാഭവനിലെത്തി കെപിസിസിയുടെ സെമിനാറിൽ പങ്കെടുത്ത് സൈബർ ആക്രമണം നേരിട്ടതിനു പിന്നാലെ സിപിഎം നേതാവ് ജി. സുധാകരൻ വീണ്ടും കോൺഗ്രസ് വേദിയിലേക്ക്. ഇത്തവണ സ്വന്തം തട്ടകമായ ആലപ്പുഴയിലാണ് സുധാകരൻ കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ചത് എത്തുന്നത്. കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സംഘടിപ്പിക്കുന്ന പുസ്തക ചർച്ചയിലാണ് സുധാകരൻ പങ്കെടുക്കുക. അന്തരിച്ച ദലിത് എഴുത്തുകാരൻ കുഞ്ഞാമന്റെ ആത്മകഥയായ ‘എതിര്’ എന്ന പുസ്തകത്തെപ്പറ്റിയാണ് ചർച്ച. സിപിഎമ്മിനെ നിശിതമായി വിമർശിച്ച പുസ്കത്തിൽ ജി. സുധാകരനെപ്പറ്റി കുഞ്ഞാമൻ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത്. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പമാണ് സുധാകരൻ വേദി പങ്കിടുന്നത്. പ്രിയദർശിനി പബ്ലിക്കേഷൻസ് തുടങ്ങിവയ്ക്കുന്ന പുസ്തകചർച്ചയുടെ ജില്ലാതല ഉദ്ഘാടനമാണ് സുധാകരൻ നിർവഹിക്കുന്നത്. കോൺഗ്രസിന്റെ സംസ്ഥാനത്തെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു, സംവിധായകൻ ബിജു, ഗാനരചയിതാവ് രാജീവ് ആലുങ്കൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ആലപ്പുഴയിലെ സിപിഎം വേദികളിൽ അവഗണന നേരിടുമ്പോഴാണ് സുധാകരൻ കോൺഗ്രസ് പരിപാടിയുടെ ഉദ്ഘാടകനായി എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ജില്ലാ കോഓർഡിനേറ്ററാണ് സുധാകരനെ വീട്ടിൽ പോയി ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു മനോരമ ഓൺലൈനോട് പറഞ്ഞു. ക്ഷണം സന്തോഷത്തോടെയാണ് സുധാകരൻ സ്വീകരിച്ചത്. കെ.സി. വേണുഗോപാലിനും സുധാകരനും സൗകര്യപ്രദമായ തീയതി നോക്കിയാണ് പരിപാടി നിശ്ചയിച്ചതെന്നും പഴകുളം മധു പറഞ്ഞു. നാളെ രാവിലെ 11ന് ആലപ്പുഴ ഹിമാലയ കൺവെൻഷൻ സെന്ററിൽ വച്ചാണ് പുസ്തക ചർച്ച നടക്കുന്നത്.
അടുത്തിടെ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയ സുധാകരൻ സിപിഎമ്മിനെ വിമർശിക്കുന്ന പുസ്കത്തെപ്പറ്റി അടക്കം നാളെ എന്തായിരിക്കും പറയുക എന്നതാണ് കൗതുകം. ‘‘എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മൾ പറഞ്ഞു നടക്കുന്നത്. ആദ്യം ഈ സ്വയം പുകഴ്ത്തൽ നിർത്തണം. എല്ലാത്തിലും ഒന്നാമതായ നമ്മൾ ലഹരിയിലും ഒന്നാമതാണ്. ഇവിടത്തെ സ്ഥിതി എന്താണ്? പരീക്ഷകളെ സംബന്ധിച്ച് വ്യക്തതയില്ല, ഉത്തരക്കടലാസുകൾ കാണാതെ പോകുന്നു. എംബിഎ ഉത്തരക്കടലാസുകൾ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്. കൃത്യവിലോപം തെളിഞ്ഞിട്ടും അധ്യാപകർക്കെതിരെ നടപടിയില്ല. ഒരു വിദ്യാർഥി സംഘടനയും ഇതിനെതിരെ മിണ്ടുന്നില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയുമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ’’ – എന്നായിരുന്നു സുധാകരന്റെ വിമർശനം.
കുഞ്ഞാമന്റെ പുസ്കത്തിലെ സിപിഎമ്മിനെതിരായ പ്രധാന വിമർശനങ്ങൾ
∙ ‘നമ്പൂതിരിപ്പാട്’ എന്നത് എടുത്തുകളയാൻ ഇഎംഎസ് ശ്രമിച്ചിട്ടില്ല. ഉയർന്ന ജാതിക്കാർക്ക് ജാതി എപ്പോഴും മേൽക്കോയ്മയുടെ അടയാളമായിരിക്കും.
∙ പ്രകാശ് കാരാട്ട് നന്നായി മലയാളം സംസാരിക്കും. ഞാൻ പ്രകാശിനെ കാണുമ്പോഴൊക്കെ സംസാരിക്കുന്നത് മലയാളത്തിലാണ്. ബോധപൂർവം അദ്ദേഹം കേരളത്തിൽ വരുമ്പോൾ സംസാരിക്കുന്നത് ഇംഗ്ലിഷിലാണ്. ഒരു മലയാളി വേറൊരു മലയാളിയുടെ ഇംഗ്ലിഷിനെ തർജമ ചെയ്യുന്നു. ഇംഗ്ലിഷ് പറയുന്നതിൽ സുപ്പീരിറ്റിയുടെ അംശമുണ്ട്. ഇതൊക്കെ മേൽക്കോയ്മ സ്ഥാപിക്കാനാണ്.
∙ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ ഒരു ദലിതന് അംഗമാകാൻ കഴിഞ്ഞിട്ടില്ല. ആ പാർട്ടിക്ക് ജാതീയ സമീപനമുണ്ട്.
∙ ദലിതർക്ക് കമ്യൂണിസ്റ്റുകാരെക്കാൾ കോൺഗ്രസ് പ്രാതിനിധ്യം നൽകി. ദലിത് പ്രസിഡന്റും ചീഫ് ജസ്റ്റിസും ഉണ്ടായത് കോൺഗ്രസിന്റെ ഇടപെടലോടെ.
∙ മാർക്സിസത്തിന്റെ അന്തസത്ത മറ്റൊരു രൂപത്തിൽ മാർക്സിനെക്കാൾ മുൻപ് അവതരിപ്പിച്ചത് ഷേക്സ്പിയര്‍
∙ സർവകലാശാല സിൻഡിക്കേറ്റിലെ മാടമ്പി സ്വഭാവത്തിന് മാറ്റം വന്നത് ജി. സുധാകരനെപ്പോലുള്ളവർ അംഗമായി വരുന്നതോടെ