മലപ്പുറത്ത് കാർ പിന്നോട്ട് എടുക്കുന്നതിനിടെ അപകടം; 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

Mail This Article
മലപ്പുറം∙ എടപ്പാളിൽ കാർ പുറകോട്ടെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം മഠത്തിൽ ജാബിറിന്റെ മകൾ അംറു ബിൻത് ജാബിർ ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ജാബിറിന്റെ ബന്ധുവായ യുവതിയാണ് കാർ ഓടിച്ചിരുന്നത്.
പുറകോട്ടെടുക്കുന്നതിനിടെ ഇവിടെ നിന്നിരുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ജാബിറിന്റെ ബന്ധുക്കളായ അലിയ, സിത്താര (46), സുബൈദ (61) എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിലുള്ള അലിയയെ കോട്ടക്കലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എടപ്പാൾ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. തുടർന്ന് എടപ്പാളിലെത്തിച്ച് സംസ്കരിക്കും.
