ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ: ജസ്നയ്ക്ക് എതിരെ കേസ്

Mail This Article
ഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് കൊയിലാണ്ടി സ്വദേശിനി ജസ്ന സലിമിനെതിരെ പൊലീസ് കേസെടുത്തു. ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയയാളാണു ജസ്ന.
കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് നടന്ന സംഭവത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിലാണ് ടെംപിൾ പൊലീസ് കേസെടുത്തത്. ജസ്ന സലിം മുൻപ് ക്ഷേത്രനടപ്പുരയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. അന്ന് നടപ്പുരയിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി നിർദേശം നൽകി. മതപരമായ ചടങ്ങുകളോ വിവാഹങ്ങളോ ഒഴികെ നടപ്പുരയിൽ വിഡിയോ ചിത്രീകരിക്കരുതെന്നായിരുന്നു നിർദേശം. ഈ വിലക്ക് നിലനിൽക്കുമ്പോൾ വീണ്ടും ചിത്രീകരണം നടത്തി പ്രചരിപ്പിച്ചതിനാണ് കേസ്. മതസ്പർധ, കലാപമുണ്ടാക്കാനുള്ള ശ്രമം, കോടതി നിർദേശം ലംഘിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ് എടുത്തതെന്ന് ടെംപിൾ സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയ്കുമാർ പറഞ്ഞു.