‘പാർലമെന്റിനെ മഹത്വവത്കരിക്കുമ്പോൾ നിയമസഭയെ അടിച്ചുതാഴ്ത്തുന്നു; ഗവർണർമാരെ വച്ച് മോദി രാഷ്ട്രീയം കളിക്കുന്നു’

Mail This Article
കോഴിക്കോട്∙ ബിജെപിയുടെ അജൻഡ നടപ്പാക്കാൻ സാധിക്കാതെ വരുന്നതിനാലാണ് കേരളത്തിലെ ഗവർണർ സുപ്രീം കോടതിയുടെ നടപടിയെ വെല്ലുവിളിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഗവർണർമാർ ബില്ലുകളിൽ ഒപ്പിടുന്നതിനു സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി നടപടിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തു വന്നതുമായി ബന്ധപ്പെട്ടായിരുന്നു കെ.സി.വേണുഗോപാലിന്റെ പരാമർശം. കോഴിക്കോട് ഡിസിസി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ബില്ലുകളിൽ തീരുമാനങ്ങൾ എടുക്കാൻ ബാധ്യസ്ഥനായ ഗവർണർ അതു ചെയ്യുന്നില്ല. ഒറ്റപ്പെട്ട ബില്ലുകളാണെങ്കിൽ മനസ്സിലാക്കാം. എന്നാൽ നിരവധി ബില്ലുകൾ കാലങ്ങളായി കെട്ടിക്കിടക്കുകയാണ്. ഗവർണർമാരെ വച്ച് നരേന്ദ്ര മോദി രാഷ്ട്രീയം കളിക്കുന്നു. നിയമ നിർമാണത്തെ നോക്കുകുത്തിയാക്കി ഗവർണർമാർ മാറ്റി. ഇതിനിടെയാണ് സുപ്രീം കോടതി വിധി വന്നത്. നടപടിക്കെതിരെ കേരള ഗവർണറും രംഗത്തെത്തി. പാർലമെന്റ് പരിഗണിക്കേണ്ട വിഷയമാണിതെന്നാണ് ഗവർണർ പറയുന്നത്. പാർലമെന്റിനെ മഹത്വവത്കരിക്കുന്ന ഗവർണർ നിയമസഭയെ അടിച്ചുതാഴ്ത്തുകയാണ്.’’ – കെ.സി.വേണുഗോപാൽ പറഞ്ഞു.
‘‘വഖഫിന്റെ പേരിൽ ദേശവ്യാപകമായി ആളുകളെ തമ്മിലടിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നു. ഓരോ സമുദായത്തെ ലക്ഷ്യം വച്ചാണ് ബിജെപി നിയമം നിർമിക്കുന്നത്. ആദ്യം കർണാടകയിൽ മതംമാറ്റ നിരോധന നിയമം കൊണ്ടുവന്നത് ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചായിരുന്നു. ഛത്തീസ്ഗഡിലും ജാർഖണ്ഡിലും ക്രൈസ്തവരെ ലക്ഷ്യം വയ്ക്കുകയാണ്. കേരളത്തിൽ മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കാനാണ് നോക്കുന്നത്. വഖഫ് ബോർഡിൽ മുസ്‌ലിംകളല്ലാത്തവർ എത്തുന്നത് അവരുടെ മതത്തിൽ കൈകടത്തലല്ലേ. വിശ്വാസം വിശ്വാസികൾക്കു വിട്ടുകൊടുക്കണം. മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവർക്ക് കിട്ടാൻ കോൺഗ്രസ് അവർക്കൊപ്പം നിൽക്കും.
മുസ്‌ലിംകളെക്കാൾ ഭൂമി ക്രിസ്ത്യാനികൾക്കാണെന്ന് 2021ൽ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ കണ്ടെത്തിയിരുന്നു. വഖഫ് ബിൽ വന്ന് അടുത്ത ദിവസം തന്നെ വീണ്ടും ഇതേ ലേഖനം വന്നു. ഇതിൽ നിന്ന് അവരുടെ അടുത്ത ലക്ഷ്യം വ്യക്തമാണ്. എന്നാൽ രാഹുൽ ഗാന്ധിയുൾപ്പെടെ രംഗത്തെത്തിയതോടെ ഈ ലേഖനം പിൻവലിച്ച് തൽക്കാലത്തേക്ക് തലയൂരി. കേരളത്തിൽ ഭിന്നിപ്പിച്ച് അധികാരം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.