ADVERTISEMENT

കൊച്ചി∙ ക്ലബ്ബുകൾ, അസോസിയേഷനുകൾ തുടങ്ങിയവ തങ്ങളുടെ അംഗങ്ങൾക്കു നൽകുന്ന സേവനങ്ങൾക്കു ജിഎസ്ടി ബാധകമാക്കിയ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്നു ഹൈക്കോടതി. അംഗങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾക്കു ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകം നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ നിർണായക വിധി. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്നു വ്യക്തമാക്കിയതോടെ മുൻകാല പ്രാബല്യത്തോടെ നികുതി ഏർപ്പെടുത്തിയതും ഒഴിവായി. 2021ൽ പാർലമെന്റും പിന്നീട് സംസ്ഥാന നിയമസഭകളും പാസാക്കിയ ഭേദഗതിയാണു ഭരണഘടന അനുശാസിക്കുന്ന വിധത്തിലല്ല എന്ന് ഹൈക്കോടതി തീർപ്പു കൽപ്പിച്ചിരിക്കുന്നത്. 

അംഗങ്ങൾക്കു നൽകുന്ന സേവനത്തിനു പുതിയ നിയമഭേദഗതിയോടെ 50 കോടി രൂപ മുൻകാല പ്രാബല്യത്തിൽ ജിഎസ്ടി അടയ്ക്കണമെന്ന ഉത്തരവ് വന്നതോടെയാണ് ഐഎംഎ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കുന്നത്. ‘പ്രിൻസിപ്പൽ ഓഫ് മ്യൂച്ചാലിറ്റി’ അനുസരിച്ച് ക്ലബ് അംഗങ്ങൾക്കു നൽകുന്ന സേവനത്തിനു പ്രത്യേക നികുതി നൽകേണ്ടതില്ല. എന്നാൽ പാർലമെന്റ് പുതിയ ഭേദഗതി പാസാക്കിയ സാഹചര്യത്തിൽ ഇത് പാലിച്ചേ മതിയാകൂ. അതുകൊണ്ടു ഭേദഗതി ഭരണഘടനാവിരുദ്ധമെന്നു പറയാൻ കഴിയില്ലെ. അതേസമയം മുൻകാല പ്രാബല്യത്തോടെ ജിഎസ്ടി നൽകാൻ പറയുന്നത് അനുചിതമായതിനാൽ ഭേദഗതിയുടെ വിജ്ഞാപനം പുറത്തു വന്ന 2022 മുതൽ നൽകിയാൽ മതിയെന്നുമായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ ഐഎംഎ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. മുൻകാല പ്രാബല്യം റദ്ദാക്കിയതിനെതിരെ കേന്ദ്ര ജിഎസ്ടി വകുപ്പും സംസ്ഥാന ജിഎസ്ടി വകുപ്പും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. 

ക്ലബ്, അസോസിയേഷൻ തുടങ്ങിയവയും അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്ക് മുന്‍കാല പ്രാബല്യത്തോടെ ജിഎസ്ടി ഏർപ്പെടുത്തുന്ന തരത്തിൽ 2021ലെ ധനനയം ഭേദഗതി ചെയ്ത് സെക്ഷൻ 7(1) (എഎ) നിയമത്തിൽ ഭേദഗതിയായി ഉൾപ്പെടുത്തിയത് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ല എന്ന ഐഎംഎ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഐഎംഎയും അതിന്റെ അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ ജിഎസ്ടി ഇല്ല. അംഗങ്ങളിൽനിന്ന് ജിഎസ്ടി ഈടാക്കാനും കഴിയില്ല. ഐഎംഎയും അതിന്റെ അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ‘പ്രിൻ‍സിപ്പൽ ഓഫ് മ്യൂച്ചാലിറ്റി’യുടെ അടിസ്ഥാനത്തിലുള്ളതാണ്. അതു ചരക്കു വാങ്ങുന്നതിന്റെയോ വിൽക്കുന്നതിന്റെയോ പരിധിയിൽ വരില്ലെന്നും ഐഎംഎ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. നിയമഭേദഗതി വന്നിട്ടും ‘മ്യൂച്ചാലിറ്റി’ ഇല്ലാതായിട്ടില്ലെന്ന് സുപ്രീം കോടതി കൽക്കട്ട ക്ലബ് വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, ജിഎസ്ടിയിൽ ‘സർവീസ്’, ‘സേവനം’ തുടങ്ങിയവയ്ക്ക് കൃത്യമായ അർഥം നിഷ്കർഷിച്ചിട്ടുണ്ട്. അതിൽ ഭേദഗതി വരുത്തി മറ്റ് വ്യാഖ്യാനങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.  

ഐഎംഎ തങ്ങളുടെ പ്രായമായ അംഗങ്ങൾക്കു ധനസഹായം, ചികിത്സാ സഹായം തുടങ്ങിയവ ഉറപ്പാക്കുക, ക്ഷേമപ്രവർത്തനങ്ങൾ നടത്തുക, രക്തപരിശോധനാ ക്യാംപ് പോലുള്ളവ സംഘടിപ്പിക്കുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെല്ലാം ജിഎസ്ടി നൽകണമെന്ന ആവശ്യം പ്രായോഗികമല്ല എന്നായിരുന്നു ഐഎംഎയുടെ വാദം. മുൻകാല പ്രാബല്യത്തോടെ നികുതി ഏർപ്പെടുത്തിയതിനു യാതൊരു ന്യായീകരണവും തങ്ങൾ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

GST on Club Services: Kerala High Court rules against retrospective GST on clubs, The court deemed the 2021 amendment imposing GST on services provided by clubs and associations to their members as unconstitutional, upholding the principle of mutuality.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com