ADVERTISEMENT

മീററ്റ്∙ ഉത്തർപ്രദേശിലെ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലാക്കിയ കേസിൽ അറസ്റ്റിലായ ഭാര്യ മുസ്‌കാൻ റസ്‌തോഗി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് ജയിൽ സൂപ്രണ്ട്. കഴിഞ്ഞ ദിവസമാണ് മുസ്കാനെ സ്കാനിങ്ങിനു വിധേയയാക്കിയത്. മുസ്കാൻ ഗർഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടെന്നാണ് സ്കാനിങ്ങിൽ വ്യക്തമായത്. ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതിക്ക് ജയിലിൽ പ്രത്യേക പരിചരണം നൽകുമെന്ന് ജയിൽ സൂപ്രണ്ട് ഡോ. വിരേഷ് രാജ് ശർമ പറഞ്ഞു.

ഭർത്താവ് സൗരഭ് രജ്പുതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാർച്ച് 19നാണ് മുസ്‌കാൻ റസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ലയും അറസ്റ്റിലായത്. സൗരഭിനെ കൊലപ്പെടുത്തി മൃതദേഹം നാല് കഷണങ്ങളാക്കി വീപ്പയിൽ ഒളിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഹിമാചൽ പ്രദേശിലേക്ക് പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

അറസ്റ്റിന് ശേഷം മീററ്റ് ജില്ലാ ജയിലിലെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയായതിന്റെ ലക്ഷണങ്ങള്‍ മുസ്‌കാന്‍ കാണിച്ച് തുടങ്ങിയത്. പിന്നാലെയാണ് ഇവരെ മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു വിധേയയാക്കിയത്. മാര്‍ച്ച് നാലിനാണ് മുസ്‌കാനും സഹിലും ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയത്. ഈ സമയം മുസ്കാൻ ഗർഭിണിയായിരുന്നു. കാമുകന്‍ സാഹില്‍ ശുക്ലയില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് ഇവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയതിനെ തുടര്‍ന്ന് മയങ്ങിയ സൗരഭിനെ കത്തികൊണ്ട് കുത്തിയാണ് കൊന്നത്. പിന്നീട് ശരീരം കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം വീപ്പയ്ക്കുള്ളിലാക്കി സിമന്റ് ഇട്ട് അടയ്ക്കുകയായിരുന്നു. മാർച്ച് 18ന് മുസ്കാൻ അമ്മയോടു കുറ്റസമ്മതം നടത്തിയതോടെയാണു കൊലപാതകവിവരം പുറത്തുവന്നത്. ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മുസ്കാനും സാഹിലും അറസ്റ്റിലായി.

സൗരഭിന്റെ ഹൃദയത്തിൽ 3 തവണ ആഴത്തിൽ കുത്തേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. സൗരഭിന്റെ തല ശരീരത്തിൽനിന്ന് വേർപെട്ട നിലയിലും, കൈകൾ കൈത്തണ്ടയിൽനിന്ന് മുറിച്ചുമാറ്റിയ നിലയിലും, കാലുകൾ പിന്നിലേക്ക് വളഞ്ഞ നിലയിലും ആയിരുന്നു. കുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച് 2016ലാണ് സൗരഭും മുസ്‌കാനും വിവാഹിതരായത്. ഇവർക്ക് ആറ് വയസ്സുള്ള മകളുണ്ട്. സ്‌കൂൾ കാലം മുതൽ മുസ്‌കാനും സാഹിലും പരിചയമുണ്ടെന്നും 2019ൽ വാട്സാപ് ഗ്രൂപ്പ് വഴി വീണ്ടും ബന്ധപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.

English Summary:

Meerut Murder Case: Pregnant Muskan Rastogi To Get Specialised Medical Care In Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com