ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്ന് ‘ഹിന്ദുസ്ഥാൻ ടൈംസിനു’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങൾ വ്യത്യസ്തമാണെന്നും ഗവർണർ പറയുന്നു.

ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേകർ പറഞ്ഞു. ‘‘ഹർജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു. അവർ ചർച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു.

ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെന്റിനാണ്. ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്? എനിക്ക് ഇത് മനസ്സിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു.’’ – ഗവർണർ പറഞ്ഞു.

‘‘ഒരു നിശ്ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാർലമെന്റ് ആണ്. തമിഴ്‌നാട് ഗവർണർക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാകും. അവർ അതു പരിഹരിക്കട്ടെ. വ്യത്യസ്ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീം കോടതിയിലും ചില കേസുകൾ കെട്ടിക്കിടക്കുന്നു.

അതിനുപിന്നിൽ ജഡ്ജിമാർക്കും ചില കാരണങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനം എടുക്കാതിരിക്കാൻ ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, പാർലമെന്റിലൂടെ ജനങ്ങൾ അതു തീരുമാനിക്കട്ടെ.’’ – ഗവർണർ പറയുന്നു.

English Summary:

Rajendra Arlekar about Supreme Court decision : Kerala Governor Rajendra Arlekar condemns the Supreme Court's decision setting a time limit for Governors on bill assent. He asserts this constitutes an overreach of judicial power and that Parliament should address such issues.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com