വെടിക്കെട്ട് നെഞ്ചിലേറ്റിയ നാട്, വർഷം മുഴുവൻ പടക്കം വിൽക്കുന്ന കടകൾ; ഇത് വളമംഗലത്തെ ‘ശിവകാശി’

Mail This Article
തുറവൂർ∙ വിഷുവെന്ന് കേട്ടാൽ മലയാളിയുടെ മനസ്സിൽ ആദ്യം എത്തുക പൊട്ടിച്ചിതറുന്ന ഒരു ഓലപ്പടക്കമാകും. വിഷു പുലരിയിൽ ലഭിക്കുന്ന കൈ നീട്ടമാണ് പിന്നെയുള്ള സുഖമുള്ള ഓർമ. കശുവണ്ടി പെറുക്കി വിറ്റ് നേടുന്ന ഓരോ ചില്ലിക്കാശിനും വാങ്ങുന്ന പടക്കത്തിൽ ആഞ്ഞിലിത്തിരിയിലൂടെ പടരുന്നൊരു തീ അവസാനം പൊട്ടിച്ചിതറുമ്പോൾ ലഭിച്ച സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഒറ്റപൊട്ടിൽ തകർന്ന് തരിപ്പണമാകുന്ന ഓലപ്പടക്കവും, അപകടം ഒട്ടുമില്ലാത്ത ലാത്തിരിയും, പൂത്തിരിയും ഒക്കെ നിർമിക്കുന്ന ഒരു മലയാള പ്രദേശത്തിന്റെ കഥയാണിത്. തുറവൂർ പഞ്ചായത്തിലെ വളമംഗലം എന്ന കൊച്ചു ഗ്രാമത്തിന്റെ കഥ
∙ നൂറു വർഷത്തിനും മുകളിലെ ചരിത്രം
നൂറ് വർഷങ്ങൾക്ക് മേൽ ചരിത്രമുണ്ട് വളമംഗലം എന്ന ഗ്രാമത്തിൽ നിന്ന് പൊട്ടിവിടർന്ന വർണങ്ങൾക്ക്. കമ്പക്കാരന്മാർ എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇവർ ആദ്യം പ്രവൃത്തികൾ ആരംഭിച്ചത് മഹാക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു. അന്ന് പേരുകേട്ട അരൂരിലെ കമ്പക്കാരന്മാർ പുറം ലോകത്തെ വെടിക്കെട്ടുകളുടെ ചുമതല ഏറ്റെടുക്കാനും തുടങ്ങി. അതോടെയാണ് വെടിക്കെട്ട്, വളമംഗലം എന്ന ഗ്രാമത്തിന്റെ നെഞ്ചിൽ തീ കൊളുത്തിയത്. ആ ഒരു തീ ഇന്നും കെടാതെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ പൊട്ടിവിടരുകയാണ്. ഇന്ന് ഇന്ത്യൻ നിർമിതവും പ്രാദേശികവുമായി പടക്കങ്ങൾ വിൽപന നടത്താൻ ലൈസൻസുള്ളത് 30 പേർക്കു മാത്രമാണ്. .ഇതുകൂടാതെ നിർമാണത്തിന് വിരലിൽ എണ്ണാവുന്നവർ മാത്രം.
∙ ജീവിതത്തിന് തിരി കൊളുത്തിയ കരിമരുന്ന്
പൊട്ടിച്ചിതറുന്ന പടക്കങ്ങളും വർണം വിതറുന്ന ലാത്തിരികളുമാണ് ഇന്ന് വളമംഗലത്തെ പല വീട്ടമ്മമാരുടെയും വരുമാനം. ഉണങ്ങിയ പനയോലയിലോ തഴയിലോ സൾഫറും അലുമിനിയം പൊടിയും ചേർത്ത് നിറച്ച് ത്രികോണാകൃതിയിൽ മടക്കി അതിലൊരു മൂലയ്ക്ക് ചണനൂൽ ഇട്ടുകഴിയുമ്പോൾ പടക്കം റെഡി. പേപ്പറുകൾ കുഴൽ രൂപത്തിലാക്കി അതിൽ ആദ്യം മണ്ണും പിന്നെ രാസമിശ്രിതങ്ങളും കൃത്യമായ അളവിൽ നിറച്ച് കഴിയുമ്പോൾ ലാത്തിരിയും തയാർ. കൈത്തഴക്കമുള്ള വീട്ടമ്മമാർക്ക് ഓരോ പടക്കവും ലാത്തിരിയും നിർമിക്കാൻ സെക്കൻഡുകൾ മാത്രം മതി. അഞ്ച് മണിക്കൂർ കൊണ്ട് ആയിരം പടക്കങ്ങൾ വരെ നിർമിക്കുന്നവർ ഇവിടെയുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ ആലപ്പുഴ ജില്ലയിലെ ശിവകാശി.
∙ വർഷം മുഴുവൻ ലഭിക്കും ഇവിടെ പടക്കം
തുറവൂർ പഞ്ചായത്തിലെ വളമംഗത്ത് കൂടെ പോയാൽ ഒന്ന് മനസിലാകും. ഇവിടെ പടക്കം വിൽക്കുന്ന കടകൾ വർഷം മുഴുവനുണ്ട്. അതിനെ സാധൂകരിക്കുന്ന ബോർഡുകളും ഈ വഴിയിൽ കാണാം. ഇതുതന്നെയാണ് വളമംഗലത്തെ മറ്റൊരു ശിവകാശിയാക്കുന്നതും. 2010ൽ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഒരു പ്രഖ്യാപനം ഉണ്ടായി. അത് വളമംഗലത്ത് ശിവകാശി മാതൃകയിൽ പടക്കനിർമാണ യൂണിറ്റ് ആരംഭിക്കുമെന്നതായിരുന്നു. ഇതോടെ വളമംഗലം പ്രദേശത്തെ പടക്കനിർമാണതൊഴിലാളികളെ ഉൾപ്പെടുത്തി സൊസൈറ്റി രൂപീകരിച്ചു. രണ്ട് വർഷത്തോളം സൊസൈറ്റി പ്രവർത്തിച്ചു. എന്നാൽ പിന്നീട് സർക്കാർ തലത്തിൽ നിന്നും യാതൊരു ഇടപെടലുകളും ഉണ്ടായില്ല. അതോടെ സൊസൈറ്റിയും ചീറ്റിപ്പോയ പടക്കമായി.