ADVERTISEMENT

ചെന്നൈ ∙ അണ്ണാഡിഎംകെയും ബിജെപിയും വീണ്ടും കൈകോർത്തതോടെ, തമിഴ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന വിജയ്ക്കു വെല്ലുവിളി ഇരട്ടിയായി. ബിജെപിയുമായി സഹകരിക്കാൻ മടിച്ചുനിന്ന അണ്ണാഡിഎംകെ, ആദ്യം വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ഒപ്പം നിർത്താനായിരുന്നു ശ്രമിച്ചത്. ഇതിനായി വിശദമായ ചർച്ചകൾ നടന്നെങ്കിലും ടിവികെ മുന്നോട്ടു വച്ച ഉപാധികൾ അണ്ണാഡിഎംകെയെ ഞെട്ടിച്ചു.

തിരഞ്ഞെടുപ്പു സഖ്യത്തെ വിജയ് നയിക്കുമെന്നും അധികാരത്തിന്റെ ആദ്യ പകുതിയിൽ വിജയ് ആയിരിക്കും മുഖ്യമന്ത്രിയെന്നും സഖ്യകക്ഷികളെയും സീറ്റു വിഭജനവും വരെ സ്വയം തീരുമാനിക്കുമെന്നുമായിരുന്നു നിബന്ധനകൾ. പല തവണ തമിഴ്നാട് ഭരിച്ച പാർട്ടിക്കു മുന്നിൽ ഇന്നലെ വന്നവർ വിലപേശുന്നതിലുള്ള കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് അണ്ണാഡിഎംകെ സഖ്യനീക്കം ഉപേക്ഷിച്ചത്. തുടർന്ന്, ബിജെപിക്ക് കൈ കൊടുക്കുകയായിരുന്നു. സഖ്യസാധ്യത പൂർണമായി അടഞ്ഞതോടെ, അണ്ണാഡിഎംകെയെയും വിജയ് ‘ശത്രുപക്ഷത്ത്’ പ്രതിഷ്ഠിച്ചു.

അണ്ണാഡിഎംകെയ്ക്കൊപ്പം മുൻപുണ്ടായിരുന്ന ചെറുകക്ഷികൾ ഇതിനിടെ പുതിയ മുന്നണി ആലോചനകൾ തുടങ്ങി. എസ്ഡിപിഐയും വിജയകാന്തിന്റെ ഡിഎംഡികെയും ഡിഎംകെ അനുകൂല നിലപാടിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്ന പാട്ടാളി മക്കൾ കക്ഷി (പിഎംകെ) പാർട്ടിയിലെ ഉൾപ്പോരു കാരണം നിലപാടു വ്യക്തമാക്കിയിട്ടില്ല. എൻഡിഎയിലെത്തിയ അണ്ണാഡിഎംകെയിൽ നിന്നു ചിതറുന്ന മുസ്‌ലിം വോട്ടുകൾ ഡിഎംകെയ്ക്ക് കിട്ടേണ്ടതാണെങ്കിലും ഇത്തവണ വിജയ് കൂടി കളത്തിലിറങ്ങുമ്പോൾ ഇവ എങ്ങോട്ടു ചായുമെന്ന് ഉറപ്പില്ല.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ച അണ്ണാഡിഎംകെയും ബിജെപിയും ആകെയുള്ള 234 സീറ്റുകളിൽ 75ൽ മാത്രമാണു വിജയിച്ചത്. 4 സീറ്റാണു ബിജെപിക്കു ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവരും വെവ്വേറെ മത്സരിച്ചപ്പോൾ ഒറ്റസീറ്റും ലഭിച്ചില്ല

English Summary:

Vijay's political ambitions face a major setback as the AIADMK aligns with the BJP, leaving his Tamil Vetri Kazhagam isolated.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com