ADVERTISEMENT

ന്യൂഡൽഹി∙ വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിലായത് ബെൽജിയത്തിൽനിന്ന് സ്വിറ്റ്‌സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. ചോക്‌സിയുടെ ഭാര്യ പ്രീതിക്ക് ബെൽജിയൻ പൗരത്വമുണ്ട്. ഇവിടെ റെസിഡൻസി കാർഡ് ലഭിക്കുന്നതിനായി ചോക്സി വ്യാജ രേഖകൾ സമർപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏഴു വർഷത്തിലേറെയായി ഇന്ത്യൻ ഏജൻസികൾ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ചോക്സിയെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. 

രക്താർബുദത്തിന്റെ ചികിത്സയ്ക്കായി ബെൽജിയത്തിലാണ് ചോക്സിയെന്ന് ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ മുംബൈ കോടതിയെ അറിയിച്ചിരുന്നു. അതിനാൽ ഇന്ത്യയിലേക്കു യാത്ര ചെയ്യാനാകില്ലെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. വിഡിയോ കോൺഫറൻസിങ് വഴി ഹാജരാകാമെന്നും അന്വേഷണത്തോടു സഹകരിക്കാമെന്നുമായിരുന്നു ചോക്സിയുടെ നിലപാട്. എന്നാൽ ഇതു തള്ളിയ അന്വേഷണ ഏജൻസികൾ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം നടത്തുകയായിരുന്നു. 

mehul-chokski-belgium
മെഹുൽ ചോക്സി (Photo arranged)

ഗീതാഞ്ജലി ജെംസിന്റെ സ്ഥാപകനായ മെഹുൽ ചോക്സിക്ക് 2023 നവംബർ 15നാണ് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചത്. ബെൽജിയത്തിലേക്കു താമസം മാറുന്നതിനു മുൻപ് ആന്റിഗ്വ ആൻഡ് ബാർബുഡയിലും ഇയാൾ താമസിച്ചിരുന്നു. മെഹുൽ ചോക്സിക്ക് ബെൽജിയം സർക്കാർ ‘എഫ് റെസിഡൻസി കാർഡ്’ നൽകിയിരുന്നു. 2021ൽ രാജ്യത്ത് അനധികൃതമായി കടന്നുകയറിയെന്നു കാട്ടി ഡൊമിനിക്കൻ റിപ്പബ്ലിക് ചോക്സിയെ അറസ്റ്റ് ചെയ്തിരുന്നു. 51 ദിവസത്തിനുശേഷം ചോക്സിക്ക് ആന്റിഗ്വയിലേക്കു മടങ്ങാൻ അനുമതി ലഭിച്ചു. പിന്നീട് ചോക്സിക്കെതിരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലുള്ള കേസുകൾ പിൻവലിച്ചു. 

പഞ്ചാബ് നാഷനൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽനിന്ന് ചോക്സിയും സഹോദരീപുത്രൻ നീരവ് മോദിയും 13,500 കോടി രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യംവിടുകയായിരുന്നു. കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിൽ പൗരത്വമെടുത്ത ചോക്സിയെ 2021 മേയിൽ അവിടെനിന്നു കാണാതായതു വലിയ വിവാദങ്ങൾക്കു വഴിവച്ചു. മെഹുലിനെ സാമ്പത്തിക കുറ്റവാളിയായി (എഫ്ഇഒ) പ്രഖ്യാപിക്കണമെന്ന് ഇ.ഡി മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ വാദിച്ചിരുന്നു. 2019ലാണ് കേസിലെ മറ്റൊരു പ്രതിയായ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചത്. ലണ്ടൻ ജയിലിൽ കഴിയുന്ന നീരവിനെ വിട്ടുകിട്ടാൻ ഇന്ത്യ ബ്രിട്ടനിലെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

English Summary:

Mehul Choksi's Arrest: The fugitive diamond merchant was apprehended while attempting to escape to Switzerland after obtaining residency in Belgium through allegedly forged documents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com