ADVERTISEMENT

ന്യൂഡൽഹി∙ ഒരു നവജാത ശിശുവിനെ ആശുപത്രിയിൽനിന്നു കാണാതായാൽ, ആദ്യം ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണമെന്ന് സുപ്രീം കോടതി. കുട്ടികളെ കടത്തുന്ന കേസുകളിൽ ദുഃഖം പ്രകടിപ്പിച്ച കോടതി, ഈ കേസുകളിൽ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങളും ഓർമിപ്പിച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്.

കേസിൽ അലഹബാദ് ഹൈക്കോടതിയുടെ നടപടിയെയും കോടതി വിമർശിച്ചു. അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷകൾ ഉദാസീനമായി കൈകാര്യം ചെയ്തെന്ന് സുപ്രീംകോടതി പറഞ്ഞു. കേസിൽപ്പെട്ട നിരവധി പ്രതികളെ കാണാനില്ലെന്നും ഈ പ്രതികൾ സമൂഹത്തിനു ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശ് സർക്കാർ വിഷയം കൈകാര്യം ചെയ്ത രീതിയിലും ബെഞ്ച് നിരാശ പ്രകടിപ്പിച്ചു. ‘‘നിങ്ങൾക്ക് ഒരു മകനെ വേണമെങ്കിൽ കടത്തിക്കൊണ്ടു വന്ന കുട്ടിയെ അല്ല അതിനായി തിരഞ്ഞെടുക്കേണ്ടത്’’ – കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എല്ലാ പ്രതികളോടും കീഴടങ്ങാൻ ആവശ്യപ്പെട്ട കോടതി, പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളെ കടത്തുന്നതു തടയുന്നതിനുള്ള വിശദമായ ശുപാർശകൾ വിധിന്യായത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് പർദിവാല, അവ എത്രയും വേഗം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ തീർപ്പുകൽപ്പിക്കാത്ത വിചാരണകളുടെ സ്ഥിതി വ്യക്തമാക്കാൻ രാജ്യത്തുടനീളമുള്ള ഹൈക്കോടതികളോട് ബെഞ്ച് നിർദേശിച്ചു. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു.

ഇന്ത്യയിൽ പ്രതിവർഷം 2,000 ഓളം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2022 ൽ ഇത്തരത്തിലുള്ള 2,250 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

English Summary:

Supreme Court: Child trafficking cases in India necessitate stringent action. The Supreme Court expressed outrage over missing newborns and criticized the Allahabad High Court’s handling of related bail applications.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com