ADVERTISEMENT

തിരുവനന്തപുരം∙ സിവില്‍ പൊലീസ് ഓഫിസര്‍, വനിതാ സിപിഒ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുമ്പോള്‍ കാക്കിക്കുപ്പായമെന്ന മോഹം ഇല്ലാതാകുന്നത് അയ്യായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക്. സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്നും വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി 19നുമാണ് അവസാനിക്കുന്നത്. വ്യത്യസ്ത സമരമുറകള്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്ന പ്രതീക്ഷയില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധത്തിലാണ് വനിതാ ഉദ്യോഗാര്‍ഥികള്‍. അതേസമയം, പരാജയപ്പെട്ട മുന്‍സമരാനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖവും നിരാശയും ഉള്ളിലൊതുക്കുകയാണ് പരീക്ഷയും കായികക്ഷമതാ പരീക്ഷയും കഴിഞ്ഞ് സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്തവര്‍. സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കുമ്പോള്‍ നിയമനം ലഭിക്കാതിരിക്കുന്നത് 4432 ഉദ്യോഗാര്‍ഥികള്‍ക്കാണ്.

ഏഴ് ബറ്റാലിയനുകളിലായി 2024 ഏപ്രില്‍ 15ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ 6647 പേരെ പിഎസ്സി ഉള്‍പ്പെടുത്തിരുന്നു. ഇതില്‍ 2215 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമന ശുപാര്‍ശ ലഭിച്ചത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ പകുതിപേര്‍ക്കുപോലും നിയമനം ലഭിച്ചില്ല. ഈ തസ്തികയുടെ മുന്‍ റാങ്ക് ലിസ്റ്റില്‍നിന്ന് 4783 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു. 19ന് കാലാവധി അവസാനിക്കുന്ന വനിതാ സിപിഒ റാങ്ക് ലിസ്റ്റില്‍നിന്നുള്ള 650ല്‍ അധികം പേരുടെ ജോലിമോഹമാണ് തകര്‍ക്കപ്പെടുന്നത്. പ്രായപരിധി അവസാനിച്ചതിനാല്‍ ഇവരില്‍ ഭൂരിഭാഗത്തിനും ഇനി സേനാവിഭാഗം തസ്തികകളില്‍ അപേക്ഷിക്കാന്‍ അവസരമില്ല. വരും ദിവസങ്ങളില്‍ സര്‍ക്കാരില്‍നിന്ന് അനുകൂലനീക്കം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്കുള്ളത്. ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ പലതരം സമരമുറകള്‍ പയറ്റിയിട്ടും ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറായിട്ടില്ല. വനിതാ പൊലീസ് മുന്‍ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് വളരെ കുറച്ച് നിയമന ശുപാര്‍ശ നടന്ന ലിസ്റ്റാണ് ഇത്തവണത്തേത്. 967 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്ന് 292 പേര്‍ക്കു മാത്രമേ നിയമന ശുപാര്‍ശ ലഭിച്ചിട്ടുള്ളൂ.

റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണം എന്നാവശ്യപ്പെട്ട് ഓൾ കേരള വിമൻ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഭിക്ഷ യാചിച്ചു കൊണ്ട് നടത്തിയ സമരം.
റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണം എന്നാവശ്യപ്പെട്ട് ഓൾ കേരള വിമൻ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഭിക്ഷ യാചിച്ചു കൊണ്ട് നടത്തിയ സമരം. (ചിത്രം: മനോരമ)

ഈ തസ്തികയുടെ മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്നു നടന്ന നിയമന ശുപാര്‍ശയുടെ പകുതിപോലും ഇത്തവണ നടന്നിട്ടില്ല. ഒരു പൊലീസ് സ്റ്റേഷനില്‍ കുറഞ്ഞത് 6 വനിതാ പൊലീസുകാര്‍ വേണമെന്നതാണ് ചട്ടം. എന്നാല്‍ സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും ഇതിന്റെ പകുതിപേര്‍ പോലുമില്ല. സേനയിലെ വനിതാ പ്രാതിനിധ്യം 15% വേണമെന്ന ആവശ്യം ശക്തമാണെങ്കിലും 10% പോലുമില്ല. 500ല്‍ അധികം തസ്തികകള്‍ ഇപ്പോള്‍തന്നെ നിലവിലുണ്ടെങ്കിലും അതും റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലീസ് വകുപ്പ് തയാറാകുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. ഈ രണ്ടു വിഭാഗത്തിലും അടുത്തിടെ 222 ഒഴിവുകള്‍ പിഎസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിപിഒമാരുടെ 177 ഒഴിവും വനിതാ സിപിഒമാരുടെ 45 ഒഴിവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ സിപിഒ, വനിതാ സിപിഒ തസ്തികകളുടെ പുതിയ റാങ്ക് ലിസ്റ്റ് പിഎസ്സിയില്‍ തയാറാകുന്നുണ്ട്. നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ അവസാനിക്കുന്നതിന്റെ അടുത്ത ദിവസം പുതിയ ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും. സിപിഒ തസ്തികയില്‍ 2023 ഡിസംബര്‍ 29ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റാണ് തയാറാകുന്നത്.

2024 ജൂണ്‍ 8നായിരുന്നു പരീക്ഷ. 2024 ഒക്ടോബര്‍ 9ന് ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2025 ജനുവരിയിലായിരുന്നു കായികക്ഷമതാ പരീക്ഷ. വനിതാ പൊലീസ് തസ്തികയിലും 2023 ഡിസംബര്‍ 29ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റാണ് തയാറാകുന്നത്. 2024 ജൂണ്‍ 29നായിരുന്നു പരീക്ഷ നടന്നത്. 2025 ജനുവരി 23ന് ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരിയിലായിരുന്നു കായികക്ഷമതാ പരീക്ഷ. രണ്ടു തസ്തികയുടെയും കായികക്ഷമതാ പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് തയാറാക്കല്‍ അന്തിമ ഘട്ടത്തിലാണ്. ഓരോ വര്‍ഷവും പരീക്ഷ നടത്താന്‍ രണ്ടു കോടിയോളം രൂപയാണ് ചെലവാകുന്നത്. മുന്‍പ് മൂന്ന് വര്‍ഷമായിരുന്നു റാങ്ക് ലിസ്റ്റിന്റെ കാലാവധി. പിന്നീടത് ഒരു വര്‍ഷമായി സര്‍ക്കാര്‍ ചുരുക്കുകയായിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും ആക്കണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

English Summary:

Kerala CPO Rank List Expiry: Thousands of Kerala Civil Police Officer (CPO) and Women CPO candidates face job uncertainty as rank lists expire. Protests erupt as the government remains unresponsive to pleas for extending the validity period.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com