‘എൽ നിനോ’ ഇല്ല, മികച്ച മൺസൂണിന് സാധ്യത; 105% വരെ മഴ ലഭിച്ചേക്കാം

Mail This Article
പത്തനംതിട്ട ∙ ഒന്നര മാസത്തിനുള്ളിൽ തുടക്കമിടേണ്ട ഈ വർഷത്തെ തെക്കു–പടിഞ്ഞാറൻ കാലവർഷം ശരാശരിയിലും അധികമായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം. എൽ നിനോ ഇല്ലാത്തതിനാൽ മികച്ച മൺസൂണിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. മൃത്തുഞ്ജയ മഹാപത്രയും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രവിചന്ദ്രനും പറഞ്ഞു. പതിവിലും മഴ കൂടിയിരിക്കാനുള്ള സാധ്യത 59% വരെ ആണെന്ന് ഡോ.മഹാപത്ര പറഞ്ഞു. 105% വരെ മഴ ലഭിച്ചേക്കാം. ഇതിൽ തന്നെ 5% കുറയുകയോ കൂടുകയോ ചെയ്യാം. തമിഴ്നാടും വടക്കുകിഴക്കൻ ഇന്ത്യയും ഒഴികെ രാജ്യം മുഴുവൻ ശരാശരിയിലും അധികം മഴ ലഭിക്കാനാണു സാധ്യത. ഐഎംഡി പുറത്തുവിട്ട സാധ്യതാ ഭൂപടപ്രകാരം കേരളത്തിൽ 10 മുതൽ 20% വരെ അധികമഴയ്ക്കു സാധ്യതയാണ് പ്രവചനത്തിൽ കാണുന്നത്. എന്നാൽ കേരളത്തേക്കാൾ അധികമഴ മധ്യ ഇന്ത്യയിൽ ലഭിക്കാനും സാധ്യതയുണ്ട്. മേയ് അവസാന വാരം ഇതു സംബന്ധിച്ച കുറച്ചുകൂടി കൃത്യമായ പ്രവചനം നൽകും. കഴിഞ്ഞ 5 വർഷത്തെ പ്രവചനവും യാഥാർഥ്യവും തമ്മിലുള്ള അന്തരം കേവലം 2.27% മാത്രമാണ്. പ്രവചനം അത്രയ്ക്ക് കൃത്യമായിരുന്നു എന്ന് ഡോ.രവിചന്ദ്രൻ പറഞ്ഞു. ഡൈനാമിക്കൽ മാതൃക അനുസരിച്ചാണ് പ്രവചനം തയാറാക്കിയത്.
-
Also Read
നന്നായി കരുതണം, ഭൂമി പഴയ ഭൂമിയല്ല
രാജ്യമെങ്ങും മികച്ച മഴ ലഭിക്കുന്ന വർഷങ്ങളിൽ തമിഴ്നാട്ടിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കുറയുന്ന രീതി നിരീക്ഷിച്ചു വരാറുണ്ടെന്ന് ഡോ. മഹാപത്ര പറഞ്ഞു. മേയിലെ പ്രവചനത്തിൽ ഓരോ സംസ്ഥാനങ്ങളിലെയും മഴ സാധ്യത കൃത്യമായി പറയാനാവും. അഖിലേന്ത്യാ തല സാധ്യത മാത്രമാണ് ഇപ്പോഴുള്ളത്. മൺസൂണിന്റെ പ്രകടനത്തെ സ്വാധീനിക്കുന്ന മിക്ക ആഗോള ഘടകങ്ങളും ഇന്ത്യൻ മൺസൂണിന് അനുകൂലമാണ് ഇക്കുറി. ഇന്ത്യൻ സമുദ്രതാപനിലയിലെ ഏറ്റക്കുറച്ചിലായ ഇന്ത്യൻ ഓഷ്യൻ ദ്വന്ദം (ഡൈപോൾ) ഉത്തരാർധ ഗോളത്തിൽ യൂറോപ്പിനു മീതേയുള്ള മഞ്ഞിന്റെ കനം തുടങ്ങിയവയും ഇന്ത്യൻ മൺസൂണിന് അനുകൂലമാണ്.
2024ലെ മൺസൂൺ ഇന്ത്യയെ സംബന്ധിച്ച് 8% അധികമായിരുന്നത് സമ്പദ്ഘടനയുടെയും കാർഷിക മേഖലയുടെയും അതുവഴി ആകെ ആഭ്യന്തര ഉൽപ്പാദന സൂചികയായ ജിഡിപിയുടെയും മികച്ച പ്രകടനത്തിനു വഴി തുറന്നിരുന്നു. ഈ വർഷവും അഖിലേന്ത്യാ വാർഷിക ശരാശരിയായ 87 സെന്റിമീറ്ററോ അതിനും മുകളിലോ മഴ ലഭിക്കുമെന്ന ഉറപ്പാണ് ഐഎംഡി നൽകുന്നത്. ഇത് സമ്പദ് ഘടനയ്ക്കും കാർഷിക മേഖലയ്ക്കും അനുബന്ധ വ്യവസായങ്ങൾക്കും ശുഭവാർത്തയായി. കടുത്ത ചൂടിൽ വലയുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ആശ്വാസത്തിനായി ജൂണിലെ മഴയെ കാത്ത് കഴിയുകയാണ്.
സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റും103% മഴ ലഭിക്കുമെന്നാണ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പ്രവചനത്തിൽ പറയുന്നത്. എന്നാൽ സ്വകാര്യ ഏജൻസികളുടെ പ്രവചനം ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രമോ സർക്കാരോ ഔദ്യോഗികമായി സ്വീകരിക്കാറില്ല.
∙ യുഎസ് തുക കുറച്ചാൽ ഭാവി ഇന്ത്യൻ നിരീക്ഷണങ്ങളെയും ബാധിച്ചേക്കാം
കാലാവസ്ഥാ നിരീക്ഷണ സംവിധാനമായ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (നോവാ) ധനസഹായം യുഎസ് വെട്ടിക്കുറച്ചാൽ ഇന്ത്യയുടെ ഉൾപ്പെടെയുള്ള മൺസൂൺ പ്രവചനത്തെ ഭാവിയിൽ ബാധിക്കുമെന്ന് ഡോ.രവിചന്ദ്രൻ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഈ വർഷം പ്രതിസന്ധി ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ 50% വരെ കാലാവസ്ഥാ നിരീക്ഷണ വിവരങ്ങൾ കൈമാറുന്നത് യുഎസ് ആണ്.