‘കേന്ദ്രമന്ത്രിയില്‍നിന്ന് അനുകൂല പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു; നിരാശയുണ്ട്, സമരം തുടരും’

Mail This Article
കെച്ചി ∙ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിന്‍റെ സന്ദര്‍ശന സമയത്തു പ്രശ്നപരിഹാരത്തിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അതുണ്ടാകാത്തതിൽ നിരാശയുണ്ടെന്നും മുനമ്പം സമരസമിതി. കേന്ദ്രമന്ത്രിയില്‍നിന്ന് അനുകൂല പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. അതുണ്ടാകാത്തതിൽ നിരാശയുണ്ട്. വഖഫ് ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അതിന് കുറച്ചു സമയം ആവശ്യമായി വരുമെന്നും മന്ത്രി അറിയിച്ചതായി മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യർ പറഞ്ഞു. ഒരു ഗുഡ് ന്യൂസാണ് തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും സമിതി പറഞ്ഞു. എന്നാൽ നിയമത്തിന്റെ ചട്ടങ്ങൾ തയാറായിക്കൊണ്ടിരിക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്.
ഇന്നു ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നാണു പറഞ്ഞിരുന്നത്. ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും ഫാ. ആന്റണി സേവ്യർ പറഞ്ഞു. പ്രശ്നപരിഹാരം ഉണ്ടാകുന്നതു വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു നിശ്ചിത തിയതിക്കുള്ളിൽ മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് താൻ പറയുന്നില്ലെന്നു കിരൺ റിജിജു പ്രസംഗത്തിൽ പറഞ്ഞിരുന്നു. വിഷയം ഇപ്പോൾ കോടതിയുടെ മുമ്പാകെയാണ്. ജുഡീഷ്യറിയെ മറികടക്കാൻ കഴിയില്ല. എന്നാൽ നിയമപരമായ വഴിയിൽ പ്രശ്നപരിഹാരം ഉണ്ടാകും. അതിനായി ചട്ടങ്ങൾ രൂപീകരിച്ച ശേഷം ആവശ്യമായ മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാരിന് നൽകും. മുനമ്പം നിവാസികൾക്ക് അവരുടെ ഭൂമിയിൽ അവകാശം പുനഃസ്ഥാപിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.