ഭർതൃവീട്ടുകാരുമായി പ്രശ്നം, മക്കളെ തീകൊളുത്തി യുവതിയുടെ ആത്മഹത്യാ ശ്രമം; മൂന്നുപേർക്കും ദാരുണാന്ത്യം

Mail This Article
കൊല്ലം∙ കരുനാഗപ്പള്ളി ആദിനാട് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും രണ്ടു മക്കളും മരിച്ചു. പുത്തൻകണ്ടത്തിൽ താര ജി. കൃഷ്ണ (36) മക്കളായ ടി.അനാമിക (7), ടി. ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം താര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. താരയുടെ ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭർത്താവ് ഗിരീഷ് കുവൈത്തിൽ നിന്ന് നാളെ നാട്ടിലെത്താനിരിക്കെയാണ് സംഭവം.
ഇന്ന് ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംക്‌ഷനു വടക്കു ഭാഗത്തുള്ള വാടകവീട്ടിൽ വച്ചാണ് ആത്മഹത്യശ്രമം നടന്നത്. ഒന്നര വർഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലകൃഷണൻ സമീപത്തെ കടയിൽ ചായകുടിക്കാൻ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയിൽ താരയും രണ്ടുമക്കളും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിളിയും പുകയുമുയർന്നതിനെ തുടർന്ന് നാട്ടുകാർ മുറിയുടെ കതകു തുറന്ന് മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി അഗ്നിശമനസേന എത്തിയാണ് മുറിയിലെ തീയണച്ചത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചു. ആദ്യം താരയുടെയും പിന്നീട് മക്കളുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
-
Also Read
കാർ അപകടം: മലയാളി യുവാവ് ഖത്തറിൽ മരിച്ചു
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി താര ഭർത്താവിന്റെ കുടുംബവീടായ കാട്ടിൽക്കടവിന് സമീപമുള്ള വീട്ടിലെത്തി ബഹളം വച്ചു. ഇതേത്തുടർന്ന് ഭർത്താവിന്റെ സഹോദരൻ കരുനാഗപ്പള്ളി പൊലീസിനെ അറിയിക്കുകയും, പൊലീസ് എത്തി താരയെ ആശ്വസിപ്പ് വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. വാടക വീട്ടിലെത്തിയതിന് പിന്നാലെ താര മക്കളുമായി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്ന് താരയുടെ ഭർത്താവ് സഹോദരനെ അറിയിച്ചിരുന്നു. സഹോദരൻ ഇക്കാര്യം കരുനാഗപ്പള്ളി പൊലീസിനെ അറിയിച്ചു. പിന്നാലെ വനിതാസെല്ലിൽ നിന്ന് പൊലീസെത്തി താരയുമായി സംസാരിക്കുകയും ഭർത്താവുമായി അടുത്ത ദിവസം സ്റ്റേഷനിലെത്തി പരാതി നൽകിയാൽ ഇരുകൂട്ടരെയും വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് തിരികെപ്പോകുകയുമായിരുന്നു. ഇതിനുശേഷമാണ് താരയും മക്കളും ആത്മഹത്യ ചെയ്തത്.