വഖഫ് നിയമഭേദഗതി: പ്രതിഷേധത്തിനൊരുങ്ങി ലീഗ്, നാളെ കോഴിക്കോട്ട് മഹാറാലി

Mail This Article
കോഴിക്കോട്∙ വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ മഹാറാലി നാളെ വൈകിട്ട് മൂന്നു മണിക്ക് കോഴിക്കോട് നടത്തുമെന്ന് മുസ്‌ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുമെന്നും സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. മഹാറാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ഡലങ്ങളിൽ വാഹന പര്യടനങ്ങൾ നടന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായാണ് ബില്ലിനെ എതിർത്തത്. എന്നാൽ ഭൂരിപക്ഷത്തിന്റെ ബലത്തിൽ സർക്കാർ ബിൽ പാസ്സാക്കുകയായിരുന്നു. ഇതേതുടർന്നു മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നാളെ കേസ് പരിഗണിച്ചേക്കും. നിയമ പോരാട്ടത്തോടൊപ്പം പ്രക്ഷോഭത്തിലൂടെ സർക്കാരിനെ തിരുത്തുക എന്ന ലക്ഷ്യവുമായാണ് മഹാറാലി സംഘടിപ്പിക്കുന്നത്.
പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പഞ്ചാബ് പിസിസി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദർ സിങ് രാജാ വാറിങ് മുഖ്യാതിഥിയായിരിക്കും. വഖഫ് നിയമഭേദഗതിക്കെതിരെ പാർലമെന്റിൽ ശക്തമായി വാദിച്ച ഇന്ത്യ മുന്നണിയുടെ എംപിമാരിൽ പ്രധാനിയാണ് അമരീന്ദർ സിങ്. പരിപാടിയിൽ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ.കെ.എം.ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പ്രസംഗിക്കും.മുസ്‌ലിം ലീഗ് റാലിയുമായി ബന്ധപ്പെട്ട് നഗരത്തിൽ നാളെ മൂന്നു മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.