മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായ അഭിഭാഷകയും 2 മക്കളും ആറ്റിൽ ചാടി മരിച്ചു; സംഭവം കോട്ടയം ഏറ്റുമാനൂരിൽ

Mail This Article
കോട്ടയം ∙ മീനച്ചിലാറ്റിൽ ചാടിയ അഭിഭാഷകയും രണ്ടു പിഞ്ചുമക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പേരൂർ കണ്ണമ്പുരക്കടവിലാണ് സംഭവം. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019–2020 കാലയളവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം അയർക്കുന്നം റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് യുവതിയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്‌മോൾ, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തി.
ഈ സമയത്ത് ജിസ്മോളെ ആറുമാനൂർ ഭാഗത്തുനിന്നു നാട്ടുകാർ കണ്ടെത്തി. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിൽ കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തി. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)