ADVERTISEMENT

അതിരപ്പിള്ളിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേർ കാട്ടാനയാക്രമണത്തിൽ മരിച്ചതും അനുബന്ധ സംഭവവികാസങ്ങളുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. തമിഴ്‌നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള പ്രമേയം അവതരിപ്പിച്ചു, എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറാൻ കോടതി ഉത്തരവ്, കേരളത്തിൽ 105% വരെ മഴ അധികം ലഭിച്ചേക്കാം, തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ നിയമോപദേശം ലഭിച്ചെന്ന മന്ത്രിയുടെ പ്രസ്താവന എന്നിവയും ചർച്ച ചെയ്യപ്പെട്ടു. വായിക്കാം പ്രധാനവാർത്തകൾ.

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കലി. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേർ കാട്ടാനയാക്രമണത്തിൽ മരിച്ചു. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ. കാട്ടാനക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. ഇവർക്കു പുറമേ ബന്ധുക്കളായ രമ, രവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാട്ടാന ആക്രമിക്കാനെത്തിയപ്പോൾ നാലുപേരും ചിതറിയോടി. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്.

തമിഴ്‌നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതുസംബന്ധിച്ചുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ അധ്യക്ഷതയിലാണ് ഉന്നതതല സമിതി പ്രവർത്തിക്കുക. ഗവര്‍ണര്‍ ആര്‍.എന്‍.രവിയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

സിഎംആര്‍എല്‍– എക്‌സാലോജിക് ഇടപാടില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറാന്‍ ഉത്തരവ്. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എസ്എഫ്ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷം വീണാ വിജയന് സമന്‍സ് അയക്കാനാണ് ഇ.ഡിയുടെ നീക്കം. എസ്എഫ്ഐഒ സമര്‍പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.

ഒന്നര മാസത്തിനുള്ളിൽ തുടക്കമിടേണ്ട ഈ വർഷത്തെ തെക്കു–പടിഞ്ഞാറൻ കാലവർഷം ശരാശരിയിലും അധികമായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം. എൽ നിനോ ഇല്ലാത്തതിനാൽ മികച്ച മൺസൂണിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. മൃത്തുഞ്ജയ മഹാപത്രയും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രവിചന്ദ്രനും പറഞ്ഞു. പതിവിലും മഴ കൂടിയിരിക്കാനുള്ള സാധ്യത 59% വരെ ആണെന്ന് ഡോ.മഹാപത്ര പറഞ്ഞു. 105% വരെ മഴ ലഭിച്ചേക്കാം.

തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മാറുന്നു. വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നല്‍കി. തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിനും ബാധകമാണെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു.

English Summary:

Today's Recap: Major Headlines of 15-04-25

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com