ബോയിങ് ജെറ്റുകൾ വാങ്ങരുത്; വിമാനക്കമ്പനികളോട് ചൈന, യുഎസിന് തിരിച്ചടി?

Mail This Article
ബെയ്ജിങ്∙ അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിങ്ങിൽ നിന്ന് ജെറ്റുകൾ വാങ്ങുന്നതു നിർത്താൻ രാജ്യത്തെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് ചൈന. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ തീരുമാനം. യുഎസ് കമ്പനികളിൽനിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് ചൈനീസ് വിമാനക്കമ്പനികൾ നിർത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തീരുവ വർധന മൂലമുണ്ടായ ചെലവുകൾ നികത്താൻ ബോയിങ് വിമാനങ്ങൾ വാടകയ്ക്ക് എടുത്ത് ആഭ്യന്തര വിമാനക്കമ്പനികൾക്ക് സഹായം നൽകാൻ ചൈനീസ് സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ താരിഫുകൾ പ്രകാരം യുഎസ് നിര്‍മിത വിമാനങ്ങളുടെയും പാര്‍ട്ട്‌സുകളുടെയും വില ഇരട്ടിയോളം കൂടും. ഇത് ചൈനീസ് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് സഹായനടപടി. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 145% തീരുവയാണ് യുഎസ് പ്രഖ്യാപിച്ചത്. പിന്നാലെ യുഎസ് ഉൽപന്നങ്ങൾക്ക് 125% നികുതി ചൈനയും ചുമത്തിയിരുന്നു.