അജിത് കുമാറിന് ക്ലീൻചിറ്റ്; അംഗീകാരം നൽകി സർക്കാർ; കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി ഒപ്പിട്ടു

Mail This Article
തിരുവനന്തപുരം∙ അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി എം.ആര്‍.അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് സർക്കാർ. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒപ്പിട്ടതോടെയാണ് ‘ക്ലീൻചിറ്റ്’ നടപടിക്ക് അംഗീകാരം ലഭിച്ചത്. അനധികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസ് പ്രത്യേക യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ അജിത്കുമാർ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരുന്നു. പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
അനധികൃതമായി ഫ്ലാറ്റ് വാങ്ങുക, സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പേരിൽ പങ്കുപറ്റുക എന്നിവയായിരുന്നു അജിത്കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ. എന്നാൽ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിനും തെളിവില്ലെന്നായിരുന്നു വിജിലൻസ് പ്രത്യേക യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് ഡയറക്ടർ യോഗേഷ് ഗുപ്ത അംഗീകരിച്ച് സർക്കാരിന് കൈമാറിയിരുന്നു. ഇതാണു കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത്.