വിപ്ലവഗാനത്തിനു പിന്നാലെ കൊല്ലത്ത് വിവാദമായി കുടമാറ്റവും; ഇടംപിടിച്ചത് ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ ചിത്രം

Mail This Article
കൊല്ലം∙ കൊല്ലം പൂരത്തിന്റെ കുടമാറ്റത്തില്‍ ഇടംപിടിച്ച് ആര്‍എസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ ചിത്രം. നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഹെഡ്‌ഗേവാറിന്റെ ചിത്രവും കുടമാറ്റത്തിൽ ഉയർന്നത്. കൊല്ലം പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കുടമാറ്റത്തിലായിരുന്നു സംഭവം.
നവോത്ഥാന നേതാക്കളായ ബി.ആര്‍.അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു കുടമാറ്റത്തില്‍ ഉൾപ്പെടുത്തിയിരുന്നത്. ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ നേതാക്കളുടെ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊല്ലം കടയ്ക്കൽ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങൾ ആലപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം കുടമാറ്റത്തിനിടെ ഹെഡ്ഗേവാറിന്റെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും രംഗത്തെത്തി. വിഷയത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തുന്ന പ്രവർത്തികൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി.