ബെംഗളൂരു നഗരത്തിൽ 6.77 കോടിയുടെ ലഹരിവേട്ട; 9 മലയാളികള്‍ അറസ്റ്റിൽ, ട്രെന്റായി ‘ഹൈഡ്രോപോണിക്സ് കഞ്ചാവ്’

Mail This Article
ബെംഗളൂരു∙ ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ നിന്ന് 26 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 3.5 കോടി രൂപയുടെ ലഹരിമരുന്ന് ഉൾപ്പെടെ 4.5 കോടി രൂപയുടെ വസ്തുക്കളാണ് ജിജോയിൽനിന്നു പിടികൂടിയത്.
നേരത്തെ മൈസൂരു റോഡിലെ റിസോർട്ടിൽ നടന്ന റെയ്ഡിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു റെയ്ഡിൽ 110 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ചില്ലറവിൽപനക്കാരായ 8 മലയാളികൾ അറസ്റ്റിലായി. ഇവരിൽനിന്ന് 2 കാറുകളും 10 മൊബൈൽ ഫോണുകളും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.
ബേഗൂരിനു സമീപം 2 കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരിമരുന്നു വിൽക്കുന്ന വിദേശികൾ ഉൾപ്പെട്ട സംഘത്തിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണു സൂചന. വീസ കാലാവധിക്കു ശേഷവും നഗരത്തിൽ കഴിയുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിനു (എഫ്ആർആർഒ) കൈമാറിയിട്ടുണ്ടെന്നു കമ്മിഷണർ പറഞ്ഞു.