‘ലഹരി വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം, മകൻ മറ്റൊരു അഫാനായി മാറും; പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല’

Mail This Article
കോഴിക്കോട്∙ ലഹരിക്കടിമയായ മകന്റെ ഉപദ്രവത്തിൽ സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി മാതാവ്. ഇന്നലെ മൂന്നു തവണ കാക്കൂർ സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. മകനെ ലഹരി വിമോചന കേന്ദ്രത്തിൽ എത്തിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു അഫാന്‍ ആയി മാറുമെന്നും മാതാവ് പറഞ്ഞു.
‘‘മകൻ ലഹരി വിമോചനകേന്ദ്രത്തിൽനിന്നു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. നേരത്തെ പലതരത്തിലുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നെങ്കിലും കുറച്ചു കാലമായി പ്രശ്നമില്ലായിരുന്നു. ഈയിടെ വീണ്ടും ലഹരി വസ്തുക്കൾ ഉപയോഗിച്ച് അക്രമം തുടങ്ങി. കഴിഞ്ഞ ദിവസം മകന്‍ അക്രമാസക്തനാവുകയും വീടിന്റെ ജനല്‍ അടക്കം തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ കാക്കൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ എത്തിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനില്‍ പോയി മകനെ ലഹരി വിമോചനകേന്ദ്രത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് കൂട്ടാക്കിയില്ല.
മകന്റെ ഭാര്യയും കുഞ്ഞും ഭര്‍ത്താവിന്റെ ഉമ്മയും ആണ് വീട്ടിലുള്ളത്. മകന്റെ ഭാര്യയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്കു പറഞ്ഞയച്ചു. നിലവിൽ ഞാനും മകനും 85 വയസ്സായ ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. മകന് 25 വയസ്സുണ്ട്’’ – മാതാവ് പറഞ്ഞു.
മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റാനാണു നീക്കം.