ADVERTISEMENT

കോട്ടയം ∙ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരണവുമായി മുൻ എംഎൽഎയും ഭർത്താവുമായ കെ.എസ്. ശബരീനാഥൻ. സമൂഹമാധ്യമങ്ങളിൽ ദിവ്യയ്ക്കും ശബരിക്കുമെതിരെ സൈബർ ആക്രമണം നടക്കുന്നതിനിടെയാണു വിശദീകരണം.

ദിവ്യയുടെ അഭിപ്രായം വ്യക്തിപരമെന്നും എന്നാൽ കുറച്ചുകൂടി അവധാനത വേണമായിരുന്നുവെന്നും ശബരീനാഥൻ മനോരമ ഓൺലൈനോടു പറഞ്ഞു. ‘‘സർക്കാരിനുവേണ്ടി രാപകൽ അധ്വാനിക്കുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദുദേശ്യപരമെങ്കിലും വീഴ്ചയുണ്ട്. മുഖ്യമന്ത്രിക്കും സർക്കാർ പദ്ധതികൾക്കും ഒപ്പം നിൽക്കണം എന്നുള്ളത് ഉദ്യോഗസ്ഥ ധർമമാണ്. അതിന്റെ ഭാഗമായി പോസിറ്റീവ് വാക്കുകൾ പറയുന്നതിൽ തെറ്റില്ല. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ, രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽത്തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്നു സർക്കാർ തലത്തിൽനിന്നു രാഷ്ട്രീയതലത്തിലേക്കു മാറി. അതുകൊണ്ടാണ് ഈ വിവാദം പൊട്ടിവീണത്.

എന്റെ അഭിപ്രായത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കു വിശിഷ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകൾ നിർമിച്ചിരിക്കുന്നത് എക്സിക്യൂട്ടീവിന്റെ സുഗമമായ പ്രവർത്തനത്തിനാണ്. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു.

സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നവർ ആകുമ്പോൾ ജനങ്ങൾ നമ്മളെ സൂക്ഷ്മമായി വീക്ഷിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഈ പോസ്റ്റ് വിവാദമായത്. മറ്റൊരു ഉദ്യോഗസ്ഥയായിരുന്നെങ്കിൽ ഒരുപക്ഷേ, ആരും മൈൻഡ് ചെയ്യില്ലായിരുന്നു. ഈ വിഷയം മാത്രമല്ല, നാളെ എന്നെക്കുറിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ രാഷ്ട്രീയമായി വിമർശിച്ചുകൊണ്ടോ പുകഴ്ത്തിയോ എഴുതുന്നതും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം’’ - ശബരീനാഥൻ പറഞ്ഞു.

English Summary:

Divya S Iyer's Instagram post : KS Sabarinathan clarifies Divya S Iyer's controversial Instagram post congratulating KK Ragesh, highlighting the importance of caution for government officials in political matters.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com