‘ഇനി അവനൊപ്പം മാത്രമേ ജീവിക്കൂ’: മകളുടെ പ്രതിശ്രുത വരനൊപ്പം പോയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് അമ്മ

Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹദിനത്തിനു മുൻപ് മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടിയ സംഭവത്തിൽ ട്വിസ്റ്റ്. മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ പീഡനം കാരണമാണ് താൻ ഒളിച്ചോടിയതെന്ന് അമ്മ സപ്ന വെളിപ്പെടുത്തി. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ ഇരുവരും പൊലീസിനു മുന്നിൽ കീഴടങ്ങി. വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനായ രാഹുലിനൊപ്പം സപ്ന ഒളിച്ചോടിയത്. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മകളും തന്നോട് ഇടയ്ക്കിടെ വഴിക്കിടാറുണ്ടെന്നും സ്പന പൊലീസിനു മൊഴി നൽകി. എന്തു സംഭവിച്ചാലും താൻ ഇനി രാഹുലിനൊപ്പം മാത്രമേ ജീവിക്കുവെന്നും പൊലീസ് കേസെടുത്തതുകൊണ്ട് മാത്രമാണ് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും സപ്ന പറയുന്നു. ഏപ്രിൽ 6നാണ് സപ്നയും രാഹുലും ഒരുമിച്ച് നാടുവിട്ടത്. അതേസമയം സപ്നയുടെ ഭർത്താവ് ജിതേന്ദ്ര കുമാർ ഉന്നയിച്ച ആരോപണങ്ങളും യുവതി നിഷേധിച്ചു. താൻ പോകുമ്പോൾ ഒരു മൊബൈലും 200 രൂപയും മാത്രമേ എടുത്തിരുന്നുള്ളൂ എന്നാണ് സപ്ന പൊലീസിനോട് പറഞ്ഞത്.
അതേസമയം, സപ്ന ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മാത്രമാണ് താൻ ഒപ്പം പോയതെന്ന് രാഹുൽ പറയുന്നു. ആദ്യം ലക്നൗവിലേക്കും അവിടെനിന്നു മുസാഫർപുരിലേക്കുമാണ് പോയതെന്നും പൊലീസ് തിരയുന്നുണ്ടെന്ന് അറിഞ്ഞതോടെ തിരിച്ചുവരാൻ തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ പൊലീസിന് മൊഴി നൽകി. സപ്നയെ വിവാഹം കഴിക്കുമോ എന്ന് ചോദ്യത്തിന് ‘അതെ’ എന്നും യുവാവ് മറുപടി നൽകിയിട്ടുണ്ട്. വിവാഹ ഒരുക്കങ്ങൾ നടത്താനെന്ന വ്യാജേന രാഹുൽ ഇടയ്ക്കിടെ വീട്ടിൽ വന്നിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഏപ്രിൽ 16 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.