കേൾവി - സംസാര പരിമിതിയുള്ള 11കാരിക്ക് നേരെ ക്രൂരമായ ലൈംഗികപീഡനം; പ്രതിയെ ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തി പൊലീസ്

Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ രാംപുർ ജില്ലയിൽ കേൾവി – സംസാര പരിമിതിയുള്ള 11 വയസ്സുകാരിക്കു നേരെ ക്രൂരമായ ലൈംഗിക പീഡനം. സംഭവത്തിൽ പ്രതിയെ യുപി പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് പെൺകുട്ടിയെ വീട്ടിൽനിന്നു കാണാതായത്. കുടുംബാംഗങ്ങൾ പെൺകുട്ടിക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ബുധനാഴ്ച രാവിലെ സമീപത്തെ വയലിൽ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. തുടർന്നു സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കുട്ടിയെ മീററ്റിലെ ആശുപത്രിയിലേക്കു മാറ്റി.
പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ഡാൻ സിങ് (24) ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിനു നേർക്ക് വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിനിടെ പൊലീസും ഡാൻ സിങും തമ്മിൽ വെടിവയ്പ്പുണ്ടായി. വൈകാതെ മുട്ടിനു താഴെ വെടിവച്ച് പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.
ഒന്നോ അതിലധികമോ വ്യക്തികൾ ചേർന്നു നടത്തിയ ബലാത്സംഗത്തിന്റെ പരുക്കുകൾ കുട്ടിയുടെ ദേഹത്തുണ്ടെന്നാണ് മീററ്റിലെ ഡോക്ടർമാർ പറയുന്നത്. ‘‘കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഒന്നിലധികം മുറിവുകൾ ഉണ്ടായിരുന്നു. മുഖം മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചതിനാൽ വീർത്തിട്ടുണ്ട്. കുട്ടി ഭയന്നിരിക്കുകയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഒന്നാണിത്.’’ – ഡോക്ടർ അഞ്ജു സിങ് പറഞ്ഞു.