‘അനുസരിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനാവില്ല’: ഹാർവഡ് സർവകലാശാലയ്‌ക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്

Mail This Article
വാഷിങ്ടൻ∙ ഹാർവഡ് സർവകലാശാലയ്‌ക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നയമാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള അനുമതി നിഷേധിക്കുമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) ബുധനാഴ്ച വ്യക്തമാക്കി. ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോം, ഹാർവഡിന് കൈമാറിയ കത്തിൽ ഏപ്രിൽ 30നകം വിദേശ വിദ്യാർത്ഥികൾ ഉൾപ്പെട്ട അക്രമാസക്തമായ പ്രവർത്തികളുടെ രേഖകൾ വകുപ്പിന് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വിദേശ വിദ്യാർഥികളെ ചേർക്കാനുള്ള അംഗീകാരം സർവകലാശാലയ്ക്ക് നഷ്ടപ്പെടും. ഹാർവഡിൽ അമേരിക്കൻ വിരുദ്ധ, ഹമാസ് അനുകൂല പ്രത്യയശാസ്ത്രം നിലവിലുണ്ട്.’’ – ഡിഎച്ച്എസ് സർവകലാശാലയ്ക്കു നൽകിയ കത്തിൽ പറയുന്നു. ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യുഎസിലെ ക്യാംപസുകളിൽ പ്രകടനങ്ങൾ നടന്നിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ട്രംപ് അറുപതോളം കോളജുകൾക്കുള്ള ധനസഹായം വെട്ടിക്കുറക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഹാർവഡ് ക്യാംപസിലെ സെമറ്റിക് വിരുദ്ധത ഇല്ലാതാക്കാൻ ഉദ്ദേശിച്ചാണ് നടപ്പാക്കേണ്ട നിർദേശങ്ങളുടെ പട്ടിക വൈറ്റ്ഹൗസ് സർവകലാശാലയ്ക്കു കൈമാറിയത്. ഇതിനായി സർവകലാശാലയിൽ ഒരു ടാസ് ഫോഴ്സ് രൂപീകരിക്കണമെന്നും ഭരണം, നിയമന രീതികൾ, പ്രവേശന നടപടിക്രമങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തണമെന്നുമായിരുന്നു ആവശ്യം. ക്യാംപസിലെ ജൂത വിരോധം അവസാനിപ്പിക്കാനായി നടപടികൾ സ്വീകരിക്കണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പട്ടിരുന്നു. നിർദേശം അനുസരിക്കാതെ വന്നതോടെയാണ് സർവകലാശാലയ്ക്ക് വർഷം തോറും അനുവദിക്കാറുള്ള 2.2 ബില്യൻ ഡോളറിന്റെ സഹായം തടഞ്ഞുവച്ചതായി യുഎസ് ഭരണകൂടം അറിയിച്ചത്. ധനസഹായത്തിനു പുറമേ 60 ദശലക്ഷം ഡോളറിന്റെ സർക്കാർ കരാറുകൾ കൂടി ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്നു.
കൊളംബിയ, പ്രിൻസ്റ്റൺ, ബ്രൗൺ, കോർണൽ, നോർത്ത് വെസ്റ്റേൺ തുടങ്ങിയ സർവകലാശാലകൾക്ക് ചില മേഖലകളിൽ നൽകിവന്നിരുന്ന ധനസഹായം ട്രംപ് ഭരണകൂടം നേരത്തെ മരവിപ്പിച്ചിരുന്നു. ഡിഇഐ പ്രോഗ്രാമുകൾ, ട്രാൻസ്‌ജെൻഡർ നയങ്ങൾ തുടങ്ങിയ സാംസ്കാരിക വിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾക്കുള്ള ധനസഹായം നിർത്തലാക്കുമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.